ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറെ നാളായി കാത്തിരുന്ന 173-ാം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ധർമൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത്ത് മാരിമുത്താണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) ആണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഒരു ഡോക്ടറുടെ വേഷത്തിൽ, കയ്യിൽ രക്തം പുരണ്ട സർജിക്കൽ ബ്ലേഡുമായി നിൽക്കുന്ന രജനീകാന്തിനെയാണ് പോസ്റ്ററിൽ കാണുന്നത്. 'ദ ഡെഡ്‌ലി ഡോക്ടർ' എന്ന ടാഗ്‌ലൈനും 'ധർമ്മമേ വെല്ലും' എന്ന തലക്കെട്ടും ചിത്രത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
രജനീകാന്തിനൊപ്പം സിമ്രാനും റാഷി ഖന്നയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. 'പേട്ട'ക്ക് ശേഷം രജനീകാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രശസ്തമായ അൻബറിവ് മാസ്റ്റേഴ്സാണ് സംഘട്ടന സംവിധാനം. ജൂൺ 25 വ്യാഴാഴ്ച മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിരവധി പ്രതിസന്ധികൾക്കും സംവിധായക മാറ്റങ്ങൾക്കും ശേഷമാണ് ചിത്രം ഇപ്പോൾ സുരക്ഷിതമായ കൈകളിലെത്തിയിരിക്കുന്നത്. ആദ്യം സുന്ദർ സി ആയിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം പിന്മാറി. ശേഷം 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തിയെ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് അശ്വത്ത് മാരിമുത്തു പദ്ധതി ഏറ്റെടുക്കുന്നത്. എന്തുകൊണ്ടാണ് സംവിധായകരെ മാറ്റേണ്ടി വന്നതെന്ന് അടുത്തിടെ നടന്ന ലോഞ്ച് ഇവന്റിൽ രജനീകാന്ത് തന്നെ വിശദീകരിച്ചിരുന്നു.
ഒരു ന്യൂക്ലിയർ സയന്റിസ്റ്റിനെക്കുറിച്ചുള്ള സിബിയുടെ കഥ വളരെ മികച്ചതായിരുന്നുവെങ്കിലും, അത് ചിത്രീകരിക്കാൻ ഏറെ സമയമെടുക്കുന്നതും വളരെ സെൻസിറ്റീവായ വിഷയവുമായിരുന്നതിനാലാണ് അത് മാറ്റിവെക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.രജനീകാന്തും കമൽഹാസനും തമ്മിലുള്ള ഒരു വലിയ സഹകരണം കൂടിയാണ് ഈ ചിത്രം.
പടയപ്പ, വേട്ടയാട് വിളയാട് എന്നീ ചിത്രങ്ങളുടെ ഒരു മിശ്രിതമായിരിക്കും 'ധർമൻ' എന്ന് സംവിധായകൻ അശ്വത്ത് മാരിമുത്തു പറഞ്ഞു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം 'ധർമൻ' യാഥാർത്ഥ്യമാകുന്നതോടെ വലിയ ആവേശത്തിലാണ് രജനി ആരാധകർ. തമിഴ് സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.