തിയറ്ററിൽ നേടിയത് 1500 കോടിയിലധികം; പുഷ്പ 2 ഒ.ടി.ടിയിൽ എവിടെ കാണാം
ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ റെക്കോർഡുകൾ മറികടന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 1500 കോടിയിലധികമാണ് ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. തെലുങ്കിനെ അപേക്ഷിച്ച് ഹിന്ദിയിലാണ് ചിത്രം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ. തെലുങ്കിൽ 295.6 കോടിയാണ് നേടിയിരിക്കുന്നത്. തമിഴിൽ 52.4, കന്നഡ7.13 , മലയാളത്തിൽ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ പുഷ്പ 2 ന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തുകയാണ്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിരിക്കുന്നത്. റെക്കോർഡ് തുകക്കാണെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ജനുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്ന് ഫിലിം ക്രിട്ടിക്സ് മനോബാല വിജയൻ ട്വിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.