കൊച്ചി: ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന 'ഫാമിലി' ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. 'ശവം','സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം', '1956 മദ്ധ്യ തിരുവിതാംകൂർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിന്‍റെ ആറാമത് സംവിധാന സംരംഭമാണ് 'ഫാമിലി'.
പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു.
ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാര സമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹിക വിഷയത്തെ വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണ്. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തി മാത്യു തോമസ്, നിൽജ കെ. ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും ശബ്ദ സന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണ്. ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്സിങ് ഡാൻ ജോസ്, മേക്കപ്പ് മീറ്റാ എം.സി, കോസ്റ്റ്യൂം ആർഷ ഉണ്ണിത്താൻ, കലാ സംവിധാനം അരുൺ ജോസ്, കളറിസ്റ്റ് ശ്രീകുമാർ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ 'ഫാമിലി' നിരവധി അന്തർദേശീയ വേദികളിൽ നിന്നു അംഗീകാരവും നിരൂപക പ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും 'ഫാമിലി' നേടിയിട്ടുണ്ട്. ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.