തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; പ്രൊഡ്യൂസർ അസോസിയേഷന്‍റെ നഷ്ടക്കണക്ക് തെറ്റെന്ന് നരിവേട്ട സംവിധായകൻ

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട മലയാള സിനിമയുടെ 2025 ലെ ലാഭനഷ്ട കണക്കുകൾ തെറ്റെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍. അനുരാജ് സംവിധാനം ചെയ്ത നരിവേട്ട ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയാണ്. ഇത് ലാഭമുണ്ടാക്കിയ സിനിമയാണെന്നും ഇതിന്‍റെ കണക്കുകൾ പുറത്തുവിടാൻ തയാറാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് നഷ്ടക്കണക്ക് പുറത്തുവിടലിന് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് മേഖല തീറെഴുതിക്കൊടുക്കുകയാകും ഗതിയെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല” എന്ന നിലപാടാണ് പ്രൊഡ്യൂസർ അസോസിയേഷന്‍റേതെന്നാണ് അനുരാജ് പറയുന്നത്.

മലയാള സിനിമയുടെ ഈ വഷത്തെ ലാഭ നഷ്ട കണക്കുകൾ ഇന്ന്  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 183 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 15 ചിത്രങ്ങള്‍ മാത്രമാണെന്നാണ് കണക്ക്. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ.

കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയറ്ററുകളിൽ നഷ്ടമാണെന്ന് നിർമാതാക്കളുടെ സംഘടന വിലയിരുത്തി. 2025 ല്‍ മലയാള സിനിമകള്‍ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. ഒൻപത് സൂപ്പർ ഹിറ്റുകളും ആറ് ഹിറ്റുകളും ഈ വർഷത്തിന്റെ ക്രെഡിറ്റിലുണ്ടെങ്കിലും നഷ്ടമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്ക്.

അനുരാജ് മനോഹറിന്‍റെ പോസ്റ്റ്

ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച, അവർ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ പ്രൊഡ്യൂസർമാരെ തേടിയുള്ള അലച്ചിൽ സ്വാഭാവികമാണെന്നുള്ള ബോധ്യത്തിൽ ആ സിനിമയോടുള്ള ഇഷ്ടത്തിൽ നടന്ന തേടലിൽ ആണ് ഇന്ത്യൻ സിനിമ കമ്പനി സിനിമ ചെയ്യാൻ തയ്യാറാവുന്നത്. അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ്. ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തില്‍ ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്.

Tags:    
News Summary - Producers Association's loss figures are wrong, says Narivetta director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.