കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയതില്‍ നടൻ പ്രേംകുമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. പുതിയ ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ ക്ഷണമില്ലാത്തത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴിതാ, പ്രേം കുമാറിനെ ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ.
'കാലാവധി കഴിയുമ്പോൾ സ്വാഭാവികമായും സർക്കാർ മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കും. ആ ഭാരവാഹികളെ തീരുമാനിച്ചു. അതിന്‍റെ ഉത്തരവ് പുറത്തിറക്കി എന്നല്ലാതെ അതിനപ്പുറത്തേക്ക് ഒരതിശയവും അതിലുണ്ടെന്ന് തോന്നുന്നില്ല. സ്വാഭവികമായും പ്രേം കുമാറിനോട് പറഞ്ഞ് കാണുമെന്നാണ് ഞാൻ വിചാരിച്ചത്. പറയേണ്ട ഉത്തരവാദിത്തം അക്കാദമിക്കാണ്. ആശാ സമരത്തിനെ അനുകൂലിച്ചതിന്‍റെ പേരില്ല മാറ്റിയത്. അങ്ങനെയൊരു സംഭവം ഉള്ളതായി അറിയില്ല. പ്രേം കുമാറിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് പ്രയാസമൊന്നും ഉള്ളതായി തോന്നിയില്ല' -സജി ചെറിയാൻ പറഞ്ഞു.
മാധ്യമങ്ങളിൽ കൂടിയാണ് സ്ഥാനമാറ്റം അറിഞ്ഞതെന്നാണ് പ്രേംകുമാർ പറഞ്ഞത്. സർക്കാറിന്‍റെ തീരുമാനത്തിൽ അഭിപ്രായം പറയാനില്ല. നേരത്തെ അറിയിക്കാത്തതിലാണ് വിഷമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചെയർമാനായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുത്ത ചടങ്ങിൽനിന്ന് പ്രേംകുമാർ വിട്ടുനിന്നത് അതൃപ്തി കാരണമെന്ന് സൂചനയുണ്ട്. എന്നാൽ ആശ വർക്കർമാരുടെ സമരത്തിന് അനുകൂലമായി പ്രേംകുമാര്‍ പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിന് കാരണമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
തനിക്ക് ശേഷം ആ ചുമതലയിൽ വന്നത് ഒരു മഹാപ്രതിഭയാണ്. എല്ലാം സർക്കാറിന്‍റെയും പാർട്ടിയുടെയും തീരുമാനമാണ്. ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായും ആത്മാർഥതയോടെയും ചെയ്യാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്. ഒരു കലാകാരനെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ആഗസ്റ്റിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് താത്കാലിക ചെയർമാൻ സ്ഥാനം നൽകിയത്. അദ്ദേഹം മുമ്പ് വഹിച്ചിരുന്ന വൈസ് ചെയർമാൻ സ്ഥാനത്ത് ഇപ്പോൾ കുക്കു പരമേശ്വരനാണ്. അക്കാദമി ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമാണെന്നും ഈ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ടീമിനെ നിയമിച്ചതെന്നും മാറ്റത്തിന് പിന്നിൽ മറ്റൊന്നുമില്ലെന്നതാണ് സർക്കാറിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.