കാത്തിരിപ്പിന് വിരാമം; യാഷിന്റെ 'ടോക്സിക്' റിലീസ് തിയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട്, റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം ആഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. യാഷ് തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

2023ൽ പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാൽ റിലീസ് തിയതികളിൽ മാറ്റം വരുത്തിയിരുന്നു. ആദ്യം 2025 ഏപ്രിലിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും ചിത്രീകരണം നീണ്ടുപോയതിനെത്തുടർന്ന് റിലീസ് തിയതി മാറ്റിവെച്ചു. പിന്നീട് 2026 മാർച്ച് 19ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും തുടർന്നുണ്ടായ പ്രതിസന്ധികളും വിദേശ വിപണികളെ ബാധിക്കുമെന്ന ആശങ്കയിൽ റിലീസ് വീണ്ടും മാറ്റുകയായിരുന്നു. ശേഷം, ജൂൺ 4ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും, ആഗോളതലത്തിൽ കൂടുതൽ വിപുലമായ വിതരണ സൗകര്യങ്ങൾ ഒരുക്കുന്നതിനും പങ്കാളിത്തങ്ങൾ ഉറപ്പാക്കുന്നതിനുമായി നിർമാതാക്കൾ റിലീസ് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാര്യ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആഗസ്റ്റ് 26ന് റിലീസ് എത്തുന്നതോടെ ഓണം ചിത്രം തൂത്തുവാരും എന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. തന്റെ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ചിത്രത്തിന്റെ നിർമാണത്തിലും റിലീസ് തന്ത്രങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യാഷ് സ്വീകരിക്കുന്നത്. ആഗോളതലത്തിൽ തന്നെ വലിയ വിപണി ലക്ഷ്യമിടുന്ന ചിത്രം മികച്ചൊരു ദൃശ്യവിരുന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. 

Tags:    
News Summary - The wait is over; Yash's 'Toxic' release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.