പണ്ഡിറ്റ് ചന്നുലാൽ മിശ്ര
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ചന്നുലാൽ മിശ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ബനാറസ് ഘരാന സ്കൂളിന്‍റെ വക്താവായിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലരയോടെ ഉത്തർ പ്രദേശിൽ മിർസപൂരിലെ വീട്ടിലായിരുന്നു അന്ത്യം.
1936 ൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനിച്ച അദ്ദേഹം പിന്നീട് വാരാണസിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അന്ത്യകർമങ്ങൾ കാശിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ വാരാണസിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
പിതാവിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നുവെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ചന്നുലാൽ മിശ്രയുടെ ഇളയമകൾ ഡോ. നമ്രത മിശ്ര പറഞ്ഞു. മകനും തബല വിദ്വാനുമായ പണ്ഡിറ്റ് രാംകുമാർ മിശ്ര ഡൽഹിയിലാണുള്ളത്. അടിയന്തരമായി വിമാന ടിക്കറ്റ് ലഭിക്കാത്തതിനാൽ റോഡ് മാർഗം പുറപ്പെട്ട അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ വാരാണസിയിലെത്തും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു പണ്ഡിറ്റ് മിശ്ര. അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ഹീമോഗ്ലോബിന്റെ അളവ് അപകടകരമായ നിലയിലേക്ക് താഴുകയും ചെയ്തു. സെപ്റ്റംബർ 11ന് അദ്ദേഹത്തിന്റെ നില വഷളായി. മിർസാപൂർ മെഡിക്കൽ കോളജിൽ നിന്നുള്ള 15 അംഗ മെഡിക്കൽ സംഘം മഹന്ത് ശിവാല പ്രദേശത്തെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ചികിത്സ ആരംഭിച്ചു.
മിർസാപൂരിലെ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ മികച്ച ചികിത്സകൾ നൽകിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. സെപ്റ്റംബർ 12ന് ഹീമോഗ്ലോബിൻ 7.6 ആയി കുറഞ്ഞു. ഇത് കടുത്ത വേദനയ്ക്കും മറ്റ് സങ്കീർണതകൾക്കും കാരണമായെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്.യു) സർ സുന്ദർലാൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഡോക്ടർമാർ ഗുരുതര ശ്വാസകോശ രോഗമായ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം സ്ഥിരീകരിച്ചു. ശേഷം നോൺ-ഇൻവേസീവ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. പണ്ഡിറ്റ് മിശ്രയ്ക്ക് ടൈപ്പ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങളും ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടാകാത്തതിനാൽ സെപ്റ്റംബർ 15ന് വീട്ടിലേക്ക് കൊണ്ടുപോകാൻ ബി.എച്ച്.യുവിലെ ഡോക്ടർമാർ കുടുംബത്തോട് നിർദേശിച്ചിരുന്നു. വെന്റിലേറ്ററിൽ കിടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പണ്ഡിറ്റ് മിശ്ര നേരത്തെ പറഞ്ഞിരുന്നു. കുടുംബം അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ മാനിച്ച് ബി.എച്ച്.യുവിൽ 13 ദിവസത്തെ ചികിത്സക്കു ശേഷം സെപ്റ്റംബർ 26ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് മകൾ മിർസാപൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.