'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാട്ടാളനി’ൽ വിസ്മയിപ്പിക്കാൻ ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും എത്തുന്നു.
'പുഷ്പ', 'ജയിലർ', 'ഗുഡ് ബാഡ് അഗ്ലി', 'അല വൈകുണ്ഡപുരമുലൂ', 'മാവീരൻ', 'മാർക്ക് ആന്‍റണി', 'മഗധീര' തുടങ്ങി ഒട്ടേറെ സിനിമകളിൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ സുനിൽ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനിൽ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകാനായി എത്തുന്നത്.
ഇന്ത്യൻ സിനിമയിലെ അതിശക്തരായ ഓൺ-സ്‌ക്രീൻ വില്ലന്മാരിൽ പ്രധാനിയായ കബീർ ദുഹാൻ സിങ് ' മാർക്കോ'യിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലൻ' എന്ന് പേരെടുത്തു കഴിഞ്ഞിട്ടുണ്ട്. ‘തമിഴിൽ 'വേതാള'ത്തിലും 'കാഞ്ചന 3' യിലും അഭിനയിച്ച് ശ്രദ്ധേയനായ കബീർ വീണ്ടും മലയാളത്തിൽ അമ്പരപ്പിക്കാൻ എത്തുകയാണ്. 'കാട്ടാളനി'ൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള വരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡി.ഒ.പി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.