യുവൽ എബ്രഹാമും റേച്ചൽ സോറും

വെനീസ് മേളയിൽ കയ്യടി, സ്വന്തം നാട്ടിൽ വധഭീഷണി; ഇസ്രായേലിലേക്ക് മടങ്ങാനാകാതെ 'നാസ' സംവിധായകർ

2025ലെ ഓസ്കറിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ 'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന്റെ നാല് സംവിധായകരിൽ രണ്ടുപേരാണ് യുവൽ എബ്രഹാമും റേച്ചൽ സോറും. ഇരുവരും ചേർന്ന് ഒരുക്കിയ പുതിയ ഡോക്യുമെന്ററി 'നാസ' കഴിഞ്ഞ മാസം വെനീസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയിരുന്നു. പ്രീമിയർ ഷോയിൽ റെക്കോർഡ് സ്റ്റാൻഡിങ് ഒവേഷനാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാൽ പുരസ്കാരത്തിന് പിന്നാലെ തങ്ങൾക്ക് ഇപ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇരുവരും പറയുന്നു. ഇതുവരെ ഇസ്രായേലിൽ റിലീസ് ചെയ്യാത്ത സിനിമയാണ് നാസ. സിനിമയോടുള്ള പ്രതികരണം അത്യന്തം ആക്രമണാത്മകമായിരുന്നു റേച്ചൽ സോർ പറഞ്ഞു.

എന്റെ മാതാപിതാക്കളുടെ വീടിന് പുറത്ത് പ്രകടനം നടത്തിയവർ ഞങ്ങളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് നേരെ വലിയ രീതിയിൽ അക്രമം ഉണ്ടായിട്ടുണ്ട്. എന്നാൽ ഗസ്സയിൽ ഞങ്ങൾ എന്താണ് ചെയ്തത്, എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു സംഭാഷണത്തിന് ഈ സിനിമ തുടക്കമിട്ടു എന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലി സമൂഹത്തിൽ ഇതിനെക്കുറിച്ച് ശരിക്കും ഒരു സംഭാഷണം ഉണ്ടായിട്ടില്ല.

ഇസ്രായേലി സമൂഹത്തിൽ എത്തിച്ചേരാൻ വേണ്ടിയാണ് ഞങ്ങൾ ഈ ചിത്രം ഹീബ്രു ഭാഷയിൽ, ഇസ്രായേലി സൈനികരുടെ മൊഴികളുമായി നിർമിച്ചത്. ‘ആ സംഭാഷണങ്ങളാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് എബ്രഹാം പറഞ്ഞു. ഗസ്സയിൽ നമ്മുടെ രാജ്യമായ ഇസ്രായേൽ കൊലപ്പെടുത്തിയ വളരെ വലിയ എണ്ണം സാധാരണക്കാരെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക എന്നതായിരുന്നു ഞങ്ങൾ ഇത് നിർമിക്കാനുള്ള കാരണങ്ങളിലൊന്ന്. പക്ഷേ ഇത് എളുപ്പമുള്ള സാഹചര്യമല്ല.

ഞങ്ങൾക്ക് ഇസ്രായേലിലേക്ക് തിരികെ പോകണം, പക്ഷേ ഇപ്പോൾ തിരികെ പോകാൻ കഴിയില്ല. ഞങ്ങളുടെ സിനിമ ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ പോലെയാണെന്ന് നെതന്യാഹു അടുത്തിടെ പറഞ്ഞിരുന്നു. പ്രകോപനത്തിന്റെ ഒരു അന്തരീക്ഷം നിലനിൽക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും സുഹൃത്തുക്കളും തിരികെ വരരുതെന്ന് പറയുന്നു. അത് സുരക്ഷിതമല്ലെന്ന് അവർ പറയുന്നു.

നെതന്യാഹു ചലച്ചിത്ര പ്രവർത്തകരുടെ പൗരത്വം റദ്ദാക്കാൻ കഴിയുന്ന നിയമനിർമാണവും നിർദേശിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ഗസ്സയിൽ ഇസ്രായേൽ സൈന്യം സ്വീകരിച്ച രീതികളെക്കുറിച്ചാണ് നാസ പരിശോധിക്കുന്നത്.

എബ്രഹാം ടെൽ അവീവിലെ കെട്ടിടങ്ങളുടെ മുകളിൽ വെച്ച് രാത്രിയിൽ അഭിമുഖം നടത്തിയ 24 അനോണിമസ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാരുടെയും സൈനികരുടെയും മൊഴികളാണ് ചിത്രത്തിലുള്ളത്. ആ ഉദ്യോഗസ്ഥർ ജോലി സ്ഥലത്ത് ഉപയോഗിക്കുന്ന ഭാഷയിൽ നിന്നാണ് ചിത്രത്തിന് പേര് ലഭിച്ചത്.

നാസ എന്നത് ഒരു പ്രത്യേക വ്യോമാക്രമണത്തിൽ ഉപദ്രവിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെ എണ്ണത്തെ വിവരിക്കാൻ ഇസ്രായേലി ഇന്റലിജൻസ് ഓഫീസർമാർ ഉപയോഗിക്കുന്ന പദമാണ്. 

ഇസ്രായേലിലേക്ക് മടങ്ങിയാൽ തങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നാണ് എബ്രഹാമിന്‍റെ മറുപടി. ഞങ്ങൾ ഒടുവിൽ തിരികെ പോകുമെന്ന് ഞാൻ കരുതുന്നു, ഒരു മാധ്യമപ്രവർത്തകനായും ചലച്ചിത്ര നിർമാതാവായും തുടരാൻ ഞാൻ പ്രതീക്ഷിക്കുന്നു.

എന്നെ ഇരയായി അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പ്രധാനപ്പെട്ടതും സത്യവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന എന്തോ ഞങ്ങൾ ചെയ്തു, ആളുകൾ അത് കാണണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചിലപ്പോൾ ആ ജോലിക്ക് വില നൽകേണ്ടി വരും.

ഞാൻ ജനിച്ച സ്ഥലം എല്ലാ ദിവസവും ആളുകൾ മരിക്കാത്ത, അക്രമവും ഭയവും നിറഞ്ഞ സ്ഥലമല്ലാത്ത ഒരിടമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേലും ഫലസ്തീനും മികച്ച സ്ഥലങ്ങളാകും. വർത്തമാനകാലത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലില്ലാതെ ആർക്കും ഭാവിയുണ്ടെന്ന് ഞാൻ കരുതുന്നില്ല സോർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Naza directors can’t go home to Israel amid death threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.