'ദൃശ്യം 3'; ഇന്ത്യയിൽ നിന്ന് മാത്രം 300 കോടി, ആഗോള കളക്ഷൻ 407 കോടി രൂപ കടന്നു
മുംബൈ: മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു ഫ്രാഞ്ചൈസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡുകൾ കുറിച്ച 'ദൃശ്യം' ബ്രാൻഡിന് വിദേശത്തും ഉത്തരേന്ത്യയിലും സമാനതകളില്ലാത്ത മുന്നേറ്റം. മലയാളത്തിൽ മൂന്നാം ഭാഗത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, കഥയിൽ മാറ്റങ്ങൾ വരുത്തി തിയറ്ററുകളിലെത്തിച്ച അജയ് ദേവ്ഗൺ ചിത്രം 'ദൃശ്യം 3' ആഗോള ബോക്സ് ഓഫീസിൽ കുതിച്ചുയരുകയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി റിലീസായി എത്തിയ ചിത്രം ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് ബോക്സ് ഓഫീസിൽ നേടുന്നത്.
പ്രമുഖ സിനിമാ ട്രാക്കിങ് ഏജൻസിയായ സാക്നിൽകിന്റെ പുതിയ കണക്കുകൾ പ്രകാരം, റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നിലവിൽ 312 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ്. വിദേശ വിപണിയിൽ നിന്ന് 95 കോടിയോളം സമാഹരിച്ചതോടെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 407 കോടി രൂപ കടന്നു. വരും ദിവസങ്ങളിലും കളക്ഷൻ വലിയ തോതിൽ ഉയരുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തൽ.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ മലയാളം 'ദൃശ്യം 3' തിയറ്ററുകളിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയെങ്കിലും പ്രേക്ഷകപ്രീതിയിൽ രണ്ടാം ഭാഗത്തിന്റെ തലത്തിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, അഭിഷേക് പടത് സംവിധാനം ചെയ്ത ഹിന്ദി റീമേക്കിൽ വരുത്തിയ തിരക്കഥാ മാറ്റങ്ങളും അവതരണരീതിയും വലിയ പ്രേക്ഷക പിന്തുണയാണ് നേടുന്നത്. മലയാളത്തിൽ വിചാരിച്ചത്ര തിളങ്ങാൻ കഴിയാതെ പോയ ആവേശം ഹിന്ദി പതിപ്പിൽ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു.
അഭിഷേക് പടതിനൊപ്പം ആമിൽ കീയൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്, രജത് കപൂർ, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകളിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.