ലോകേഷ് കനകരാജ്, അല്ലു അർജുൻ

അല്ലു അർജുൻ-ലോകേഷ് കനകരാജ് ചിത്രം ഉപേക്ഷിച്ചോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

ഹൈദരാബാദ്: അല്ലു അർജുന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നായ എഎ23 നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ ലോകേഷ് കനകരാജ്.'പുഷ്പ 2'ന് ശേഷം അല്ലു അർജുൻ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. അതിനിടെയാണ് തമിഴിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജുമായി അല്ലു അർജുൻ ഒന്നിക്കുന്നുവെന്ന വാർത്ത എത്തുന്നത്.

താൽക്കാലികമായി എഎ23 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചതു മുതൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുള്ള പ്രോജക്ടുകളിൽ ഒന്നായി മാറിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ചിരുന്നു. ലോകേഷ് കനകരാജ് മറ്റു പ്രോജക്ടുകളിലേക്ക് നീങ്ങിയെന്നും അല്ലു അർജുൻ ആറ്റ്ലി ചിത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമായിരുന്നു പ്രചാരണം.

ഇത് ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അല്ലു അർജുനൊപ്പമുള്ള ഒരു പുതിയ ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ മറുപടി നൽകിയത്. ഇരുവരും ഒരു മീറ്റിങ്ങിനിടെ എന്തോ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം രസകരമായ അപ്‌ഡേറ്റുകൾ ഉടൻ വരുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടിന്റെ ജോലികൾ സജീവമായി പുരോഗമിക്കുകയാണെന്ന് വ്യക്തമായി. പോസ്റ്റ് വന്നതോടെ ആരാധകർ ആവേശത്തിലായി. "ഇന്ത്യൻ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്റ്റ്" എന്നാണ് ഒരാൾ കമന്റ് ചെയ്തത്. മറ്റൊരാൾ കുറിച്ചത് "സംവിധായകൻ കാഷ്വലായി അഭ്യൂഹങ്ങളെ തട്ടിക്കളഞ്ഞു" എന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചിത്രം വൈറലായി മാറി.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കഥയുടെ നറേഷനും പൂർത്തിയായതായാണ് വിവരം. 2026 ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും 2027 ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോകേഷിന്റെ സ്ഥിരം ശൈലിയിലുള്ള ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ എന്റർടൈനറായിട്ടായിരിക്കും ചിത്രം ഒരുങ്ങുക.

സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ലോകേഷ് - അനിരുദ്ധ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ സംഗീത പ്രേമികളും പ്രതീക്ഷയിലാണ്. ചിത്രത്തിലെ നായികയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരവധി പേരുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം അല്ലു അർജുന്റെ മറ്റൊരു വമ്പൻ പ്രോജക്റ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന ബിഗ് ബജറ്റ് ചിത്രം.

Tags:    
News Summary - Lokesh Confirms Allu Arjun Film Continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.