പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാൽ സിങ് ഛദ്ദ. ആമീർ ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടോളിവുഡ് താരം നാഗചൈതന്യ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആമീറിന്റെ സുഹൃത്തായിട്ടാണ് എത്തുന്നത്. നടന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
ലാൽ സിങ് ഛദ്ദക്ക് മുമ്പും നാഗചൈതന്യയെ തേടി നിരവധി ബോളിവുഡ് ചിത്രങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതെല്ലാം നടൻ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ്. ലാൽ സിങ് ഛദ്ദയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാഷയാണ് നടനെ ബോളിവുഡിൽ നിന്ന് പിന്നോട്ട് വലിച്ചത്.
'ഞാൻ ചെന്നൈയിലാണ് വളർന്നത്. പിന്നീടാണ് ഹൈദരാബാദിലേക്ക് മാറിയത്. അതുകൊണ്ട് തന്നെ എന്റെ ഹിന്ദി മികച്ചതായിരുന്നില്ല. അതിന്റേതായ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബോളിവുഡിൽ നിന്ന് അവസരം വന്നപ്പോൾ ഒഴിഞ്ഞു മാറിയത്'.
ആമീർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഓഫർ സ്വീകരിക്കാനുളള കാരണവും നാഗ ചൈതന്യ പറഞ്ഞു. 'ആദ്യം സിനിമക്കായി സമീപിച്ചപ്പോൾ നിരാകരിക്കുകയായിരുന്നു. എന്നാൽ ആമീർ സാറിന് പൂർണ്ണ തൃപ്തിയായിരുന്നു. കാരണം അവർക്ക് സൗത്തിൽ നിന്ന് ഒരാളെയായിരുന്നു ആവശ്യം.
സംസാരിക്കുന്ന രീതിയിൽ ദക്ഷിണേന്ത്യൻ ശൈലി അവർ ആഗ്രഹിച്ചു. ഞാൻ സിനിമയിൽ ഹിന്ദി സംസാരിക്കും, എന്നാൽ സംസാരത്തിൽ തെലുങ്ക് ശൈലി വേണമായിരുന്നു. അതിനായിഞങ്ങൾ കുറച്ച് വാക്കുകൾ അവിടെയും ഇവിടെയും ചേർത്തു'- നാഗ ചൈതന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.