എന്റെ അംബാസിഡര്‍ കാര്‍ കണ്ടിട്ടുണ്ടോ? 'ബെൻസിന്റെ' കാർ നമ്പറിന് മോഹൻലാലിനും പ്രിയം ഏറെ! തരുൺ മൂർത്തി പോലും അറിഞ്ഞില്ല

തുടരും സിനിമ കണ്ടവരാരും ബെൻസിന്‍റെ കറുത്ത അംബാസിഡർ കാറിന്റെ നമ്പർ മറന്നുകാണില്ല, 4455. എന്നാൽ കുറച്ച് പഴയകാലത്തേക്ക് സഞ്ചരിച്ചാൽ ഈ നമ്പറിന് ചില സാമ്യതകൾ തോന്നാം. പ്രൊഡക്ഷൻ കണ്‍ട്രോളറായ ബദറുദീൻ‌ അടൂർ ഫേസ്ബുക്കിൽ‌ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോണ്ടസ കാറിന്റെ പുറത്ത് ചെസ് കളിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്.

ഈ കാറിന്റെ നമ്പർ തുടരും സിനിമയിലെ കാറിന്റേതിൽ നിന്ന് ചെറിയ വ്യത്യാസം മാത്രം 5544. ദശരഥം സിനിമയുടെ ചിത്രീകരണത്തിനിടെ 1989ൽ മോഹൻലാലിന്റെ സുഹൃത്തും സംവിധായകനുമായ രാജീവ് നാഥ് പകർത്തിയ ചിത്രമാണിത്. സോഷ്യ‌ൽ മീഡിയയിൽ പങ്കുവച്ച് നിമിഷ നേരംകൊണ്ട് ചിത്രം ലാൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ 4455 തുടരും സിനിമയിലെ കറുത്ത അംബാസിഡർ കാറിന് വന്നതിന് പിന്നില്‍ രസകരമായ കഥയുണ്ട്.

താൻ ആദ്യമായി വാങ്ങിയ വാഹനം മാരുതി 800 ആണെന്നും അതിന്‍റെ നമ്പർ 4455 ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞിരുന്നു. ആ ഒരു നൊസ്റ്റാൾജിയയിലാണ് സിനിമയിലെ വണ്ടിക്ക് ആ നമ്പര്‍ കൊടുത്തതെന്നും റാന്നി രജിസ്‌ട്രേഷനിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റര്‍ ആകണമെങ്കില്‍ ഏത് കാറ്റഗറി നമ്പര്‍ വരുമെന്ന് നോക്കിയെന്നും തരുൺ പറഞ്ഞിരുന്നു. L,M,N,O,P നമ്പറുകള്‍ക്കൊക്കെ സാധ്യതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് L ഉപയോഗിച്ചത്.

എന്നാൽ‌ അതിലും രസകരമെന്തെന്നാൽ, മോഹൻലാലിന്റെ പഴയ വാഹനത്തിന്റെ നമ്പറും 4455 ആയിരുന്നു. ഇതറിയാതെയാണ് തരുൺ സിനിമയിലെ വാഹനത്തിന് ഇതേ നമ്പർ നൽകിയത്. ഷൂട്ടിങ്ങ് പകുതി പിന്നിട്ടപ്പോഴാണ് എന്റെ അംബാസിഡര്‍ കാര്‍ കണ്ടിട്ടുണ്ടോ എന്ന് മോഹൻ ലാൽ തരുണിനോട് ചോദിച്ചത്. ഒരു പ്രത്യേക കളറുള്ള വണ്ടിയാണ്. ആ വണ്ടിയുടെ മുന്നില്‍ നില്‍ക്കുന്ന രസമുള്ള ഫോട്ടോയും കാണിച്ചു. ആ ഫോട്ടോ നോക്കിയപ്പോള്‍ അതേ കാറിന്റെ നമ്പറും 4455 ആണ്. അപ്പോള്‍ തരുണ്‍ ചോദിച്ചു. ഈ കാറിന്റെ നമ്പറും 4455 ആണല്ലോയെന്ന്. മോഹൻലാൽ അതുവരെ കരുതിയത് ഈ നമ്പറുമായുള്ള തന്റെ ബന്ധം അറിഞ്ഞിട്ടാണ് തരുൺ ഇതേ നമ്പർ‌ ഉപയോഗിച്ചതെന്നാണ്.

Tags:    
News Summary - Mohanlal also loves the car number of 'Benz'!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.