ബോളിവുഡ് താരങ്ങളെപ്പോലെ തന്നെ വസതികളും വലിയ ചർച്ചയാവാറുണ്ട്. താര ഭവനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഷാറൂഖ് ഖാന്റെ മന്നത്താണ്. മുംബൈയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് കാണാൻ ദൂരെ നിന്നുപോലും ആളുകൾ എത്താറുണ്ട്. ഏകദേശം 200 കോടി രൂപ വിലമതിപ്പുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.
മന്നത്ത് കഴിഞ്ഞാൽ പിന്നീട് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയാകുന്നത് അമിതാഭിന്റെ ജൽസയാണ്. മുബൈ ജുഹുവിൽ സ്ഥിതി ചെയ്യുന്ന വീടിന് 100 കോടി മൂല്യമുണ്ട്. പിന്നീട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു ആഡംബരഭവനം സൽമാൻ ഖാന്റെ ഗ്യാലക്സി ആണ്. ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ഗ്യാലക്സിയുടെ മൂല്യം 100 കോടി രൂപയാണ്.താരങ്ങളായ ഷാറൂഖ് ഖാൻ, സൈറ ഭാനു, രേഖ എന്നിവർ സൽമാന്റെ അയൽക്കാരാണ്.
എന്നാൽ ഇവരാരുമല്ല ബോളിവുഡിലെ ഏറ്റവും വിലമതിപ്പുള്ള വീടിന്റെ ഉടമ. പട്ടൗഡി പാലസിന്റെ ഉടമയായ സെയ്ഫ് അലിഖാനാണ്. പരമ്പരാഗതമായി കൈമാറി വന്ന ഈ ആഡംബര ബംഗ്ലാവ് ഹരിയാനയിലെ ഗുരുഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഇന്ന് 800 കോടി രൂപയോളം വിലമതിപ്പുണ്ട്.
സെയ്ഫിന്റെ മുത്തച്ഛനായ നവാബ് ഇഫ്തികർ അലി ഖാൻ 1900 ൽ ഭോപ്പാൽ ബീഗത്തെ വിവാഹം ചെയ്ത ശേഷം നിർമിച്ച വീടാണിത്. ആർക്കിടെക്ടായ റോബർട്ട് ടോർ റസലാണ് ബംഗ്ലാവിന്റെ രൂപകൽപന ചെയ്തത്. പത്തേക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 150ലേറെ മുറികൾ ഇവിടെയുണ്ട്.ലോഞ്ച് ഏരിയ, ഗസ്റ്റ് എന്റർടൈൻമെന്റ് റൂം , വിശാലമായ ഹാളുകൾ, ഡ്രസിങ് റൂമുകൾ, ഡൈനിങ് റൂമുകൾ എന്നിവയെല്ലാം പാലസിലുണ്ട്. ഭാര്യ കരീനയ്ക്കും മക്കൾക്കുമൊപ്പം സെയ്ഫ് പട്ടൗഡി പാലസിൽ സമയം ചെലവഴിക്കാറുണ്ട്. ബോളിവുഡ് ചിത്രമായ അനിമൽ ഇവിടെയാണ് ചിത്രീകരിച്ചത്. നിരവധി ചിത്രങ്ങൾക്കും സീരീസുകൾക്കും പട്ടൗഡി പാലസ് വേദിയാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.