മമ്മൂട്ടി
വിനായകൻ, രജിഷ വിജയൻ എന്നിവർക്കൊപ്പം മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന കളങ്കാവൽ ഡിസംബർ അഞ്ചിന് റിലീസ് ചെയ്യും. നവാഗതനായ ജിതിൻ കെ. ജോസ് ആണ് കഥയും തിരക്കഥയും ജിഷ്ണു ശ്രീകുമാറിനൊപ്പം എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കളങ്കാവൽ സിനിമയുടെ റിലീസ് അടുക്കുമ്പോൾ ചിത്രത്തിൽ മമ്മൂട്ടി നായകനാണോ വില്ലനാണോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സത്യം വെളിപ്പെടുത്താതെ മമ്മൂട്ടി രസകരമായി ഒഴിഞ്ഞുമാറി. എങ്കിലും തന്റെ കഥാപാത്രം ഒരു നല്ല ആത്മാവ് അല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.
‘ഒരു നായകനായിരിക്കുന്നതിന് പരിമിതികളുണ്ട്. എന്നാൽ മലയാള സിനിമയിൽ വില്ലന്മാർ പല രൂപത്തിലും ഭാവത്തിലും വരാറുണ്ട്. ആ പതിവുകൾ മാറിക്കൊണ്ടിരിക്കുകയാണെങ്കിലും നമ്മുടെ പരമ്പരാഗത സിനിമകളിൽ അതിന്റെ ചില രൂപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഒരു കാലയളവിനുശേഷം നിങ്ങൾ മുതിർന്ന വേഷങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കും. നിങ്ങൾക്ക് കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കും.
ചിത്രം സീരിയൽ കില്ലറായ 'സൈനൈഡ് മോഹന്റെ' കഥയെ അടിസ്ഥാനമാക്കിയുള്ളതാണോ എന്ന ചോദ്യത്തിന് ‘കളങ്കാവൽ സൈനൈഡ് മോഹൻ കേസുമായി ബന്ധമില്ലെങ്കിലും സിനിമയിൽ സൈനൈഡിന്റെ ഒരു ഘടകം ഉൾപ്പെടുന്നുണ്ടെന്നാണ് മമ്മൂട്ടിയുടെ മറുപടി. ഒന്നിലധികം യഥാർത്ഥ ജീവിത കഥകളെ അടിസ്ഥാനമാക്കിയാണ് എഴുത്തുകാരനും സംവിധായകനും ഇത് ഒരുക്കിയതെന്നും’ മമ്മൂട്ടി കൂട്ടിച്ചേർത്തു.
ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.
സിനിമയിൽ സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാഗർകോവിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. കളങ്കാവലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.