തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്നു മണിക്ക് തൃശൂരിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം നേടിയ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കുന്നത് എട്ടാം തവണയാണ്.
മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയോടൊപ്പം ആസിഫ് അലിയും, ടൊവിനോ തോമസും ഉണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളെ മുൻനിർത്തിയാണ് ആസിഫ് അലിയെ പരിഗണിച്ചത്. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നത്.
ഭൂതകാലം എന്ന ശ്രദ്ധേയമായ ഹൊറർ സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. 2024ൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ചിത്രമായ 'ഭ്രമയുഗ'ത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ദുരൂഹതകളുള്ള കഥാപാത്രമാണ് 'കൊടുമൺ പോറ്റി'. 17-ാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിലാണ് ‘ഭ്രമയുഗം’ നടക്കുന്നത്. താഴ്ന്ന ജാതിയിൽപെട്ട തേവൻ എന്ന ഒരു പാട്ടുകാരൻ, സാമൂഹികമായ അടിച്ചമർത്തലുകളിൽനിന്ന് രക്ഷപ്പെട്ട്, കൊടുമൺ പോറ്റി എന്ന ബ്രാഹ്മണന്റെ മനയിൽ അഭയം തേടുന്നു. പോറ്റി തുടക്കത്തിൽ തേവനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആ മനയിൽ ഒരു ദുരൂഹമായ രഹസ്യം ഒളിഞ്ഞിരിക്കുന്നതായി അയാൾ ക്രമേണ മനസിലാക്കുന്നു.
പ്രത്യേകിച്ചും, ആ കുടുംബത്തെ വേട്ടയാടുന്ന, ചാത്തൻ എന്ന് പേരുള്ള, നാടോടിക്കഥകളിലെ ഒരു ദുഷ്ടശക്തിയുടെ സാന്നിധ്യം അയാൾ തിരിച്ചറിയുന്നു. മനയുടെ ചരിത്രവും അവിടെ ഒളിഞ്ഞിരിക്കുന്ന അപകടവും അയാള്‍ ക്രമേണ മനസ്സിലാക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല. ജാതി വ്യവസ്ഥ, അധികാരം, ചൂഷണം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതോടൊപ്പം ചാത്തന്‍ എന്ന ദുഷ്ടശക്തിയുമായുള്ള തേവന്റെയും പോറ്റിയുടെ പാചകക്കാരനായി മനയില്‍ കഴിയുന്ന നിഗൂഢതയുള്ള മറ്റൊരു കഥാപാത്രത്തിന്റെയും പോരാട്ടത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
നായകനോ പ്രതിനായകനോ എന്നതിലുപരി തികച്ചും നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ് പോറ്റി. ഈ പ്രകടനം പ്രേക്ഷകരിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്. 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. ചിത്രം സോണി ലിവിൽ ലഭ്യമാണ്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് ഒന്നാലോചിക്കാതെ ഉത്തരം പറയുക പ്രയാസമാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടൻ. 'ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും' എന്ന് മമ്മൂട്ടി തന്നെ തന്‍റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഇവർ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.