ഈ മലയാളി സംവിധായക​െൻറ ആദ്യ സിനിമ വരുന്നു; നാലു ഭാഷകളിൽ

മലയാളിയായ പ്രതീഷ് ദീപു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'മാഡി എൻഗിര മാധവൻ' പുറത്തിറങ്ങുന്നത്​ നാല്​ ഭാഷകളിൽ​. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ വരുന്ന ചിത്രം 'മേരാ ഭാരത്' എന്ന പേരിലാണ് ഹിന്ദിയിൽ തീയേറ്ററുകളിലെത്തുന്നത്. ആഞ്ചെയ് എന്ന ബാലൻ നായക കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തി​െൻറ തമിഴ് പതിപ്പിൽ നടൻ പ്രഭുവും ഹിന്ദി പതിപ്പിൽ സംവിധായകനും നിർമ്മാതാവുമായ അക്ബർ ഖാനും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തി​െൻറ വിശേഷങ്ങൾ സംവിധായകൻ പ്രതീഷ് ദീപു 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.

കുട്ടികൾക്കുവേണ്ടി വലിയ കാൻവാസിൽ ഒരുക്കിയ ബിഗ്​ ബജറ്റ്​ ചിത്രം

ഒരു കുട്ടിയെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രമാണിത്​. നമ്മളൊക്കെ സ്‌കൂൾ കാലഘട്ടത്തിൽ പഠിച്ച കാര്യങ്ങളൊന്നും തന്നെ പ്രായോഗികതലത്തിൽ ഉപയോഗിക്കാത്ത ആളുകളാണ്. അത്തരത്തിൽ പ്രായോഗികമായി ഉപയോഗിക്കുന്നവരെയാണ് ഐക്യൂ ലെവൽ കൂടിയവരായി നമ്മൾ കണക്കാക്കാറുമുള്ളത്. അത്തരത്തിൽ സ്‌കൂൾ തലത്തിൽ പഠിക്കുന്നൊരു കുട്ടി വളരെ പ്രയോഗികമായും ബുദ്ധിപരമായും അവ​െൻറ അറിവുകളെ ഉപയോഗിക്കുന്നതും അതിലൂടെ പല തരത്തിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയുന്നതുമാണ് ഈ ചിത്രം പറയുന്നത്. കുട്ടികൾക്കുവേണ്ടി വലിയ കാൻവാസിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണിത്. ഒരു സയിൻറിസ്​റ്റി​െൻറ ജീവിതത്തിൽ സാധാ സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി എങ്ങനെ മാറ്റം വരുത്തുന്നു എന്നതാണ് ഇതി​െൻറ പ്രമേയം.

ഒരു സിനിമ, നാലു ഭാഷ -ചെറുതായിരുന്നില്ല വെല്ലുവിളികൾ

ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്​ ഈ സിനിമയിൽ പറഞ്ഞുപോകുന്നത്​. അത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി കുട്ടികളിലൂടെ പറഞ്ഞു പോവുക എന്ന രീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത്തരമൊരു വിഷയം ഇന്ത്യയിൽ മുഴുവൻ എത്തിച്ചേരണമെന്നുള്ളതുകൊണ്ടാണ് നാല് ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്നത്.

ഏതാണ്ട്​ രണ്ടുവർഷത്തെ പരിശ്രമത്തി​െൻറ ഫലമാണ്​ ഈ സിനിമ. ഒരു ഡോക്യുമെൻററിയെ/യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഉണ്ടായിട്ടുളളത്. അതിൽ തന്നെ കാസ്​റ്റിങ്​ ആയിരുന്നു പ്രധാന പ്രശ്​നം. ഷൂട്ടിങ്​ സംബന്ധിച്ച് അധികം പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. ഇതിൽ അഭിനയിച്ചിരിക്കുന്ന കുട്ടികൾ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നമ്മുടെ രാജ്യം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സിനിമ പറയുന്നത്. അതുകൊണ്ടുതന്നെ നാലു ഭാഷയിൽ സിനിമ എന്നു പറയുമ്പോഴും നാല് ഇടങ്ങളിലെ സംസ്​കാരത്തിലേക്ക്​ ഫോക്കസ് ചെയ്യുന്നതിലും അപ്പുറം നമ്മുടെ വിഷയത്തിന് തന്നെയാണ് മുൻതൂക്കം കൊടുത്തിട്ടുള്ളത്.


3.4 മണിക്കൂറിനുള്ളിൽ കാടി​െൻറ സെറ്റ്​

മാഡി എന്നു വിളിക്കുന്ന മാധവ​െൻറ കഥയാണ് ഇത്. ഹിന്ദിയിലേക്ക് എത്തുമ്പോൾ കുട്ടികളിൽ മാത്രമൊതുങ്ങുന്ന സിനിമയല്ല ഇതെന്ന് കൃത്യമായി ബോധ്യപ്പെടുത്താനാണ് 'മേരാ ഭാരത്' എന്ന് കൊടുത്തിരിക്കുന്നത്. സിനിമ നാല് ഭാഷയിൽ ആണെങ്കിലും ഷൂട്ട് ചെയ്​തത്​ രണ്ടു ഭാഷകളിലാണ്. പ്രഭു സാറിനെ വെച്ച്​ തമിഴിലും അക്ബർ ഖാനെ വെച്ച്​ ഹിന്ദിയിലും.

ഈ ചിത്രത്തി​െൻറ നിർമാതാവ് അനിൽകുമാറാണ്. ഗോവയിൽ ബിസിനസുകാരനായ അദ്ദേഹത്തി​േൻറതാണ്​ കഥ. അജയ് വിൻസെൻറ്​ ആണ് ഛായാഗ്രഹണം. അദ്ദേഹം നന്നായി സഹകരിച്ചു. സത്യത്തിൽ ഒരു വലിയ ടീം തന്നെ ഈ സിനിമയിൽ സഹകരിച്ചിട്ടുണ്ട്. ക്ലൈമാക്സിലൊക്കെ നാല് സ്ഥലത്തെ കാടുകൾ തന്നെ ഷൂട്ടിങിനായി ഉപയോഗിച്ചിട്ടുണ്ട്. ഗോവ, നിലമ്പൂർ, ഹൈദരാബാദ്, അതിരപ്പിള്ളി എന്നിങ്ങനെ നാലു സ്ഥലങ്ങൾ മിക്സ് ചെയ്തു വന്നപ്പോൾ ചെറിയ ഒരു ഭാഗം ചെന്നൈയിലെ എ.വി.എം സ്​റ്റുഡിയോയിൽ സെറ്റ് ഇടേണ്ടി വന്നു. ആർട്ട് ഡയറക്ടർ എല്ലാവരെയും ഞെട്ടിച്ച്​ 3,4 മണിക്കൂറിനുള്ളിൽ കാടി​െൻറ സെറ്റ് സ്​റ്റുഡിയോയിൽ റെഡിയാക്കി

തമിഴ് കവി നാ മുത്തുകുമാർ അവസാനമായി പാ​ട്ടെഴുതിയ സിനിമ

നിർമ്മാതാവ് ആരെയാണ് ഗാനരചയിതാവായി ഉദ്ദേശിക്കുന്നത് എന്നു ചോദിച്ചപ്പോൾ ഹിന്ദിയിൽ രംഗീലയ്ക്കും മറ്റും വരികളെഴുതിയ മെഹ്ബൂബ് ആലം കൊത്‍വാളിനെ ഞാൻ പറഞ്ഞു. തമിഴിൽ മുത്തുകുമാറി​െൻറ പേരാണ് പറഞ്ഞത്. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് തന്നെയായിരുന്നു അത്. ആരാധകൻ ആണ് എന്ന് പറഞ്ഞ് തന്നെയാണ് അദ്ദേഹത്തെ ആദ്യമായി വിളിച്ചത്. സിനിമയിൽ അദ്ദേഹവുമായി ചേർന്നു വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സഹകരിക്കാമെന്ന് ഏറ്റു. കേരളം ഇഷ്​ടമായതുകൊണ്ട് കേരളത്തിലിരുന്നാണ് അദ്ദേഹം വരികൾ എഴുതുന്നത്. 'ഇനി അന്ത വിണ്ണിൽ തൊട്ടു കൊടി കാട്ടും ഇന്തിയ'എന്ന ഗാനമാണ് എഴുതിയത്. അതിന് ശേഷം ഞങ്ങൾ വളരെ അടുത്ത സൗഹൃദത്തിൽ ആയി. അതിനിടയിൽ ആണ് ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹത്തി​െൻറ വിയോഗം.

സംവിധായകനുള്ള എല്ലാ ബഹുമാനവും നൽകുന്ന പ്രഭു

നല്ല ഫ്രണ്ട്​ലി ആയിരുന്നു​ പ്രഭു സാർ. ഒരു സീനിയർ നടനോടൊപ്പമാണ് നമ്മൾ ജോലി ചെയ്യുന്നത് എന്ന തോന്നൽ ഇല്ലാത്ത വിധത്തിൽ അദ്ദേഹം നമ്മളോട് സഹകരിക്കും. ഈ സിനിമയുടെ ഒരു ഭാഗം ചെയ്തിട്ടുള്ളത് പൊള്ളാച്ചിയിൽ ആണ്. അദ്ദേഹത്തി​െൻറ ഒരുപാട് ബന്ധുക്കൾ ഉള്ള സ്ഥലമാണ് പൊള്ളാച്ചി. സത്യത്തിൽ പൊള്ളാച്ചിയിലൊക്കെ ഞങ്ങൾ അദ്ദേഹത്തെ കെയർ ചെയ്യുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം ഞങ്ങളെ കെയർ ചെയ്യുകയായിരുന്നു. ഞാൻ നവാഗത സംവിധായകൻ ആയിട്ടും അദ്ദേഹത്തി​െൻറ സീനിയോറിറ്റി എന്നോട് കാണിച്ചിട്ടില്ല. ഒരു സംവിധായകന് നൽകേണ്ട എല്ലാ ബഹുമാനവും അദ്ദേഹം തന്നിട്ടുണ്ട്.

സിനിമയെ കുറിച്ചു ഒരുപാട് ചർച്ചകൾ തന്നെ നടത്തുമായിരുന്നു അദ്ദേഹം. പ്രധാന കഥാപാത്രമായ കുട്ടിയെ തെരഞ്ഞെടുക്കുക എന്നതും അത്യാവശ്യം ബുദ്ധിമുട്ടായിരുന്നു. വളരെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന, എന്നാൽ നിലവിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കഥാപാത്രമാണ് ഈ കുട്ടി. അത്തരത്തിൽ ഒരു അവസ്‌ഥ മുഖത്ത് പ്രതിഫലിക്കുന്ന കുട്ടിയെ ആയിരുന്നു നമുക്ക് ആവശ്യം. ആ തിരച്ചിലിൽ ആണ് ഒടുവിൽ അഞ്ചെയ്​യിൽ എത്തിയത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.