മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണിപ്പോൾ ലോക. ചിത്രം റിലീസ് കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോൾ 200 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുന്ന അപൂർവ്വ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ സിനിമ. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. മുമ്പിലുള്ളത് എമ്പുരാന്‍ മാത്രമാണ്.
ചിത്രത്തിന്‍റെ എഡിറ്റിങും മേക്കിങും അടക്കം ചിത്രവുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും ആരാധകർക്കിയടിൽ ചർച്ചയാണ്. സിനിമ കണ്ടിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ലോക യൂണിവേഴ്സിൽ നിന്നും തിരിച്ചിറങ്ങാൻ പറ്റുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ പ്രധാന വേഷത്തിൽ കല്യാണി പ്രിയദർശന്‍റെ അഭിനയവും ആരാധകർക്കിടയിൽ കയ്യടി നേടികഴിഞ്ഞു. ചാപ്റ്റർ ഒന്ന് ചന്ദ്ര എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നത്.
ചിത്രത്തിൽ ശക്തമായ രാഷ്ട്രീയവും പറഞ്ഞുവെക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. ചിത്രത്തിൽ നിരവധി കമിയോകളെ അവതരിപ്പിച്ചിട്ടുണ്ട്. ചാത്തന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. സിനിമ അവസാനിക്കുമ്പോൾ രണ്ടാം ഭാഗം ചാത്തന്റെ കഥ ആയിരിക്കും പറയുക എന്ന സൂചനയും നൽകിയിരുന്നു. ഇപ്പോൾ അത് ഉറപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.
'അടുത്തത് നിന്‍റെ ഊഴമാണ് ടൊവീ, സിനിമയുടെ ക്യാപ്റ്റനോടും ടീമിനോടുമുള്ള ദൃഢമായ ബന്ധത്തിന് നന്ദി' എന്ന കുറിപ്പോടെയാണ് ശാന്തി ബാലചന്ദ്രൻ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. 'പൊളിക്കും നമ്മ' എന്ന കുറിപ്പോടെ ടൊവിനോ സ്റ്റോറി റീഷെയർ ചെയ്തിട്ടുണ്ട്. അഞ്ച് ചാപ്റ്ററുകളായാണ് ചിത്രം നിർമിക്കുന്നതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
കല്യാണിക്ക് പുറമേ, നസ്‌ലെൻ, സാൻഡി, അരുണ്‍ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ, നിത്യശ്രീ, ശരത് സഭ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ദക്ഷിണേന്ത്യയിൽ വനിത കേന്ദ്ര കഥാപാത്രമായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായും ലോക മാറി. ഏകദേശം 35 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ജേക്സ് ബിജോയ് സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിച്ച ചിത്രം ബിബിൻ പെരുമ്പള്ളി, ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.