മലയാള സിനിമയിലെ ആദ്യത്തെ വനിത സൂപ്പർഹീറോ ചിത്രമായ 'ലോക ചാപ്റ്റർ 1: ചന്ദ്ര' 200 കോടി ക്ലബിൽ. റിലീസായി 14 ദിവസം കൊണ്ട് ചിത്രം 200 കോടി കടന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം തുടരുകയാണ്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 97.02 കോടി രൂപയാണ്.
ആഗോളതലത്തിൽ 200 കോടി രൂപ എന്ന മാജിക് സംഖ്യ മറികടന്നു. ലോകയുടെ ലോകമെമ്പാടുമുള്ള കലക്ഷൻ ഇപ്പോൾ 203.25 കോടി രൂപയായി. മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ ചിത്രമായി ലോക മാറിയിട്ടുണ്ട്. 266.81 കോടി കളക്ഷൻ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. തുടരും, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങൾ.
ലോകയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും മലയാള പതിപ്പിൽ നിന്നാണ്. മലയാളം ബോക്സ് ഓഫിസ് കലക്ഷൻ 75.2 കോടിയാണ്. തെലുങ്ക് പതിപ്പ് 11.81 കോടി രൂപയും തമിഴ് 8.25 കോടി രൂപയും നേടിയിട്ടുണ്ട്. ലോകയുടെ ഹിന്ദി പതിപ്പ് 1.75 കോടി രൂപ നേടി. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കൂടാതെ, സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ലോകയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിൽ ചാത്തന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. സിനിമ അവസാനിക്കുമ്പോൾ രണ്ടാം ഭാഗം ചാത്തന്റെ കഥ ആയിരിക്കുമെന്ന സൂചനയും നൽകിയിരുന്നു. ഇപ്പോൾ അത് ഉറപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.
'അടുത്തത് നിന്‍റെ ഊഴമാണ് ടൊവീ, സിനിമയുടെ ക്യാപ്റ്റനോടും ടീമിനോടുമുള്ള ദൃഢമായ ബന്ധത്തിന് നന്ദി' എന്ന കുറിപ്പോടെയാണ് ശാന്തി ബാലചന്ദ്രൻ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. 'പൊളിക്കും നമ്മ' എന്ന കുറിപ്പോടെ ടൊവിനോ സ്റ്റോറി റീഷെയർ ചെയ്തിട്ടുണ്ട്. അഞ്ച് ചാപ്റ്ററുകളായാണ് ചിത്രം നിർമിക്കുന്നതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. സിനിമ കണ്ടിറങ്ങിയവരെല്ലാം ലോകയിലെ മൂത്തോൻ എന്ന കഥാപാത്രം ചെയ്യുന്നത് ആരാണ് എന്ന് ചിന്തിച്ചുകാണും. എന്നാൽ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ദുല്‍ഖർ സൽമാൻ തന്നെ ആ സസ്പെൻസ് പുറത്തുവിട്ടു. മൂത്തോന് പിറന്നാൾ ആശംസകൾ എന്ന പോസ്റ്റർ പങ്കുവെച്ചാണ് ദുൽഖർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.