കത്തനാർ വരുന്നു...ജയസൂര്യയുടെ ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്ന ചിത്രമാണ് കത്തനാർ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം റോജിൻ തോമസ്സാണ് സംവിധാനം ചെയ്യുന്നത്.

കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. രൂപത്തിലും, വേഷത്തിലുമെല്ലാം ആരെയും അത്ഭുതത്തപ്പെടുത്തുന്ന പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. കത്തനാർ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്.

വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റെസി കഥയാണ് കടമറ്റത്തു കത്തനാറിന്‍റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിന്‍റെ കഥ.

കടമറ്റത്തച്ചൻ എന്ന പേരിൽ അനശ്വര നടൻ പ്രേം നസീർ അഭിനയിച്ച ചിത്രവും കടമറ്റത്തു കത്തനാർ എന്ന പേരിൽ ഒരു ടി.വി. പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയും കാരണമാണ്. ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.

കത്തനാർ the wild soucer എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം. ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് ( ഞാൻ ഗന്ധർവ്വൻ ഫെയിം) സനൂപ് സന്തോഷ് വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശങ്ങളിലാണു നടക്കുന്നത്. മൂന്നുവർഷത്തെ പ്രീ പ്രൊഡക്ഷനാണ് ഈ ചിത്രത്തിനു വേണ്ടിവന്നതെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം എത്തുന്നത്. ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - നീൽ ഡികുഞ്ഞ.

എഡിറ്റിങ് -റോജിൻ തോമസ്. പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്. ആക്ഷൻ-ജഗ്ജിൻ പാർക്ക്, കലൈകിംഗ്സ്റ്റൺ, കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്. മേക്കപ്പ് - റോണക്സ്‌ സേവ്യർ. കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ. വി.എഫ്..ക്സ്. - പോയറ്റിക്സ്. സൂഷർവൈസർ - വിഷ്ണുരാജ്. വെർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്. കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ , വി.സി. പ്രവീൺ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് - സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺടോളർ - സിദ്ദു പനയ്ക്കൽ. 

Tags:    
News Summary - Kathanar first look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.