പുഷ്പയിൽ ഫഹദ് ഫാസിൽ

‘ഫഹദിന്‍റെ ‘ശെഖാവത്’ റോൾ ക്ഷത്രിയരെ അപമാനിക്കുന്നു’; പുഷ്പ നിർമാതാക്കളെ കർണിസേന വീട്ടിൽകയറി തല്ലുമെന്ന് രജ്പുത് നേതാവ്

അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണെന്നും നിർമാതാക്കളെ കർണിസേന വീട്ടിൽകയറി തല്ലുമെന്നും ഭീഷണിയുയർത്തി രജ്പുത് നേതാവ് രാജ് ശെഖാവത് രംഗത്ത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിങ് ശെഖാവത് എന്ന പൊലീസ് ഓഫീസറുടെ വേഷം ചൂണ്ടിക്കാണിച്ചാണ് രാജ് ശെഖാവത് ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരെ പ്രതികരിച്ച് എക്സിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

“പുഷ്പ 2ൽ ‘ശെഖാവത്’ എന്ന പേരിൽ ഒരു നെഗറ്റിവ് റോളുണ്ട്. വീണ്ടും ക്ഷത്രിയർക്കു നേരെ അധിക്ഷേപം. കർണി സൈനികർ തയാറായിരിക്കൂ, സിനിമയുടെ നിർമാതാവ് ഉടനെ തല്ലുകൊള്ളും. ശെഖാവത് സമുദായത്തെ വളരെ മോശമാക്കി അവതരിപ്പിച്ചിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ക്ഷത്രിയരെ അപമാനിക്കുകയാണ്. സിനിമയിൽ പലതവണ ശെഖാവത് എന്ന പദം ഉപയോഗിക്കുന്നതിലൂടെ ക്ഷത്രിയ വികാരം വ്രണപ്പെടുത്തുന്നു. ഇത് നീക്കണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെടുകയാണ്. ഇല്ലെങ്കിൽ സകല പരിധികളും ലംഘിച്ച് നിർമാതാക്കളെ വീട്ടിൽകയറി തല്ലാൻ കർണി സേന മടിക്കില്ല” -രാജ് ശെഖാവത് പറയുന്നു.

അതേസമയം ബോക്സോഫീസിൽ വൻ കലക്ഷനാണ് പുഷ്പ 2 നേടുന്നത്. വ്യാഴാഴ്ച റിലീസ് ആയതിനു ശേഷം ഓരോ ഷോയും ഹൗസ് ഫുള്ളായാണ് ഓടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിലീസ് ദിനത്തിൽ ആഗോളതലത്തിൽ 294 കോടി രൂപ നേടിയതായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. ഹിന്ദി പതിപ്പിന് ഷാറൂഖ് ഖാന്‍റെ പഠാനെയും മറികടക്കുന്ന കലക്ഷൻ റെക്കോഡാണ് ആദ്യദിനം പുഷ്പക്ക് നേടാനായത്. ആർആർആറിന്‍റെ കലക്ഷൻ റെക്കോഡും ആദ്യദിനം മറികടന്നിരുന്നു.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ലോകവ്യാപകമായി 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Tags:    
News Summary - 'Karni Sena Will Thrash Them': Rajput Leader Threatens Pushpa 2 Makers Over Negative Role Of 'Shekhawat' & 'Insult' To Kshatriyas (VIDEO)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.