ആ നേട്ടം ഇനി മലയാളിയുടെ സൂപ്പർ ഹീറോക്ക്; ബോക്സ് ഓഫിസ് റെക്കോർഡുമായി കല്യാണിയുടെ ലോക

ഇന്ത്യൻ സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ളത് മുൻനിര പുരുഷ താരങ്ങൾ നയിക്കുന്ന ഉയർന്ന ബജറ്റ് സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, അല്ലു അർജുൻ, പ്രഭാസ് തുടങ്ങിയ ഐക്കണുകൾ അഭിനയിക്കുന്ന സിനിമകൾ പലപ്പോഴും വൻ വരുമാനവുമായി ആധിപത്യം സ്ഥാപിക്കാറുണ്ട്. എന്നാൽ, ഇതാദ്യമായി ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ സിനിമ 300 കോടി ക്ലബിൽ കയറിയിരിക്കുകയാണ്. അതും ഒരു മലയാള സിനിമ.

ഡെമനിക് അരുണിന്‍റെ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1:ചന്ദ്രയാണ് ഈ നേട്ടം കൈവരിച്ചത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിച്ചത്. ആഗസ്റ്റ് 28ന് പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടുമായി 350 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. എൽ2 എമ്പുരാൻ (265.5 കോടി രൂപ), തുടരും (234.5 കോടി രൂപ), മഞ്ഞുമ്മൽ ബോയ്സ് (240.5 കോടി രൂപ) തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളെ ഈ നേട്ടത്തിലൂടെ ലോക പിന്തള്ളി.

ഇന്ത്യയിലെ ആദ്യത്തെ വനിത സൂപ്പർഹീറോയായ ചന്ദ്രയെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോകയിലൂടെ, 200 കോടി രൂപ കടന്ന ഒരു സിനിമക്ക് നേതൃത്വം നൽകുന്ന ആദ്യ മലയാള നടിയായി കല്യാണി ചരിത്രം സൃഷ്ടിച്ചു. ആദ്യം 600 ഷോകളുമായി പുറത്തിറങ്ങിയ ലോക, ബോക്സ് ഓഫിസിൽ വൻ ഹിറ്റായി മാറിയതിനു പിന്നാലെ ഷോകളുടെ എണ്ണം ഏകദേശം 1700 ആയി ഉയർത്തിയിരുന്നു.

കല്യാണിയെ കൂടാതെ നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. മലയാളത്തിലെ ഒരു സമ്പൂർണ സൂപ്പർഹീറോ സിനിമാറ്റിക് പ്രപഞ്ചത്തിന് തുടക്കം കുറിക്കാനുള്ള ശ്രമമാണ് ലോക. ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണിത്.

ലോകയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ട്. പക്ഷെ ലോക അടുത്തൊന്നും ഒ.ടി.ടിയിൽ എത്തില്ലെന്ന് ദുൽഖർ അറിയിച്ചിട്ടുണ്ട്. 'ലോക ഉടനൊന്നും ഒ.ടി.ടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കൂ, ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കൂ!' എന്നാണ് ദുൽഖർ അറിയിച്ചത്. സെപ്റ്റംബർ അവസാന വാരത്തിൽ ചിത്രം പ്രീമിയർ ചെയ്യാൻ കഴിയുമെന്നാണ് വൺ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. 

Tags:    
News Summary - 1st female-centric Indian film to enter Rs 300 crore club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.