മോഹൻലാലിന്റെ ക്ലാസിക് ചിത്രം 'കാലാപാനി' വീണ്ടും തിയറ്ററിലേക്ക്, 4K പതിപ്പ് ഒരുങ്ങുന്നു
1994ലെ ഹിറ്റ് ചിത്രം 'തേന്മാവിൻ കൊമ്പത്ത്' റീ-റിലീസിന് ഒരുങ്ങവെ, മറ്റൊരു പ്രിയദർശൻ - മോഹൻലാൽ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ‘കാലാപാനി’യാണ് റീ റിലിസ് ചെയ്യുന്നത്. 1996ൽ പുറത്തിറങ്ങിയ ചിത്രം 4k പതിപ്പിലാണ് തിയറ്ററിൽ എത്തുന്നത്.
മാറ്റിനി നൗവും പ്രസാദ് കോർപ്പറേഷനും ചേർന്നാണ് ചിത്രത്തിന്റെ റീസ്റ്റോറേഷൻ പൂർത്തിയാക്കിയത്. ഇതേ കമ്പനികൾ തന്നെയാണ് തേന്മാവിൻ കൊമ്പത്തിന്റെ റീസ്റ്റോറേഷനും നിർവഹിച്ചത്. കാലാപാനിയുടെ കളർ കറക്ഷൻ വലിയ വെല്ലുവിളിയായിരുന്നുവെന്നും, ഒറിജിനൽ ഷൂട്ട് ചെയ്തത് പോലെ തന്നെ നിറങ്ങൾ തിരികെ കൊണ്ടുവരാൻ ഏറെ പാടുപെട്ടുവെന്നും മാറ്റിനി നൗവിൻ്റെ മാനേജിങ്ങ് ഡയറക്ടർ അജിത് രാജൻ പറഞ്ഞു.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണിത്. സ്വാതന്ത്ര്യത്തിന് മുൻപ് ചെയ്യാത്ത കുറ്റത്തിന് ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെടുന്ന ഗോവർദ്ധൻ (മോഹൻലാൽ) എന്നയാളുടെ കഥയാണ് 'കാലാപാനി'. ബ്രിട്ടീഷ് ജയിലർമാരുടെ ക്രൂരതക്കെതിരെ സഹതടവുകാരായ മുകുന്ദൻ (പ്രഭു), പാണ്ഡ്യൻ (ഡൽഹി ഗണേഷ്) എന്നിവർക്കൊപ്പം ഗോവർദ്ധൻ നടത്തുന്ന പോരാട്ടമാണ് ചിത്രം.
മോഹൻലാലിനൊപ്പം പ്രഭു, തബു, വിനീത്, നെടുമുടി വേണു, അമരീഷ് പുരി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ദേശീയ തലത്തിൽ 4 അവാർഡുകളും സംസ്ഥാന തലത്തിൽ 7 അവാർഡുകളും ചിത്രം നേടിയിരുന്നു. സാബു സിറിലിന് മികച്ച കലാസംവിധാനത്തിനും, സന്തോഷ് ശിവന് മികച്ച ഛായാഗ്രഹണത്തിനും, എസ്.ടി. വെങ്കിക്ക് സ്പെഷ്യൽ ഇഫക്ട്സിനും ദേശീയ പുരസ്കാരം ലഭിച്ചു. ഇളയരാജയുടെ 'ആറ്റിരമ്പിലെ കൊമ്പിലെ', 'ചെമ്പൂവേ പൂവേ' തുടങ്ങിയ പാട്ടുകൾ ഇന്നും സൂപ്പർഹിറ്റാണ്.
ചിത്രത്തിൻ്റെ റീ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. വിവിധ ഭാഷകളിൽ ചിത്രം റീ റിലീസ് ചെയ്യാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.