ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെ അസ്വസ്ഥരാക്കി?; നടിയെ പിന്തുണച്ച് ജെയ്ക് സി. തോമസ്

ടി ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ്. സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വച്ച് അറപ്പുളവാക്കുന്ന വാക്കുകളാണ് വിളിക്കുന്നതെന്നും ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെ അസ്വസ്ഥരാക്കിയതെന്നും ജെയ്ക് ഫേസ്ബുക്കിൽ കുറിച്ചു.

'ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത്? നിഖിൽ പൈലി ഒന്ന് ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ. മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്ത് ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങ്ങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ.

ശിവരാമൻ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെപിസിസി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറിൽ ഒരൽപം ചെളിയാവണം, ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമൻ എന്ന് പറയണമെങ്കിൽ. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈൻ. അഥവാ സ്പിരിറ്റ് ഓഫ് ദ് ഹവർ. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവർത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത്?

മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പർശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധഃസ്ഥിതരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യൻ മുസൽമാന്റെ ജീവിത വഴികളിൽ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു. പകരം അവർക്കു ലഭിച്ചതോ ..?

സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല, പക്ഷേ തെഹൽക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം!!

അതായത് ചുരുക്കിപ്പറഞ്ഞാൽ മുഖമേതുമില്ലാത്ത അടിമകളെയല്ല, പക്ഷേ മുഖമുള്ള പരമ ലോക പ്രമുഖന്മാർക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ. യൂത്ത് കോൺഗ്രസ് ഡിജിറ്റൽ സെൽ തലവൻ വീണ വിജയനെ എക്സാലോജിക്‌ അമ്മച്ചി എന്ന് വിളിച്ചാൽ പൊള്ളില്ല, പക്ഷേ യൂത്ത് കോൺ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടിൽ ഒരു കമന്റ് വരണം പൊള്ളണമെങ്കിൽ.

ഈ പ്രകോപനങ്ങളിൽ ഒന്നും വീഴാതെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടവരായ അണ്ടർ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം. യൂത്ത് കോൺഗ്രസ് ഗ്രനേഡ് പൊലീസിനിട്ട് എറിഞ്ഞാൽ അതൊരു അസാമാന്യ ധീര കൃത്യവും ഇടതുപക്ഷത്തിന്റെ ഏഴയലത്ത് ഉള്ളൊരുവൻ ഗ്രനേഡ് പതാകത്തണ്ടിനാൽ തട്ടിയാൽ അത് ക്രൂരമായ ആക്രമവും ആവുന്നത് പോലെ. ഇന്നാട്ടിലെ ഇടതുപക്ഷ പ്രവർത്തകരുടെ സംയമനം അദ്ഭുതകരമെങ്കിലും, ഒരിക്കലും ഒരു ദൗർബല്യം അല്ല'–ജെയ്ക് സി. തോമസ് ഫേസ്ബുക്കിൽ  കുറിച്ചു.

Tags:    
News Summary - jaik thomas Support Actress Gayathri Varsha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.