ഇന്ത്യൻ ഫുട്ബാളിന്‍റെ സുവർണകാലം വെള്ളിത്തിരയിലേക്ക്; ഹോളിവുഡിനെ വെല്ലുന്ന വി.എഫ്.എക്സ്

ഇന്ത്യൻ ഫുട്ബാളിന്‍റെ സുവർണകാലത്തിന്‍റെ കഥ പറയുന്ന ബോളിവുഡ് ചിത്രം മൈതാൻ വർഷാവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഇന്ത്യൻ ഫുട്ബാളിന്‍റെ ശിൽപിയെന്ന് വാഴ്ത്തുന്ന സെയ്ദ് അബ്ദുൽ റഹീമിന്‍റെ ജീവിതത്തിലൂടെയാണ് ഇന്ത്യൻ ഫുട്ബാളിന്‍റെ അവിസ്മരണീയ കാലഘട്ടം പറയുന്നത്.

1951 മുതല്‍ 1962 വരെയുള്ള കാലഘട്ടമാണ് ഇന്ത്യൻ ഫുട്ബാളിന്‍റെ സുവർണകാലം. 1951ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബാള്‍ കിരീടം നേടി ഇന്ത്യന്‍ ഫുട്‌ബാൾ റഹീമിന്റെ മേൽനോട്ടത്തിൽ അതിന്‍റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന നാല് ചതുര്‍ രാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ കിരീടം നേടി. 1956 ഒളിമ്പിക്‌സില്‍ ഫുട്‌ബാളില്‍ നാലാമതുമെത്തി. 1962ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ സ്വർണം നേടുമ്പോൾ റഹീമായിരുന്നു ഇന്ത്യൻ ഫുട്ബാളിന്‍റെ തലപ്പത്ത്.

പരിശീലക, മാനേജർ റോളുകളിൽ ഇന്ത്യൻ ഫുട്ബാളിനെ നേട്ടത്തിന്‍റെ നെറുകയിലെത്തിച്ചു. ഇന്ത്യന്‍ ഫുട്‌ബാളിന്റെ ഈ അവിസ്മരണീയകാലം അതിന്‍റെ പൂർണതയിൽ തന്നെ പറയണമെന്ന നിർബന്ധബുദ്ധിയാണ് അണിയറപ്രവർത്തകർക്ക്. അതുകൊണ്ടുതന്നെ ലോകത്തിലെ പ്രമുഖ വിഷ്വൽ ഇഫക്‌റ്റ് സ്റ്റുഡിയോയുടെ സഹായത്തോടെയാണ് അന്നത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നത്. ഡബ്ൾ നെഗറ്റീവ് (ഡി.എൻ.ഇ.ജി) സ്റ്റുഡിയോയാണ് സിനിമക്കുകേണ്ടി വി.എഫ്.എക്സ് ഒരുക്കുന്നത്. 2022ലെ അക്കാദമി അവാർഡിൽ ഡ്യൂണിലൂടെ (2021) മികച്ച വിഷ്വൽ ഇഫക്‌റ്റുകൾക്കുള്ള അവാർഡ് സ്റ്റുഡിയോ നേടിയിരുന്നു.

ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തിന് മൈതാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ് ആണ്. ബദായ് ഹോയുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മയാണ് സംവിധാനം. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

50-60 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബാളാണ് സിനിമയുടെ പ്രമേയം. ആ പതിറ്റാണ്ടുകൾ പുനഃസൃഷ്ടിക്കാൻ വി.എഫ്‌.എക്‌സ് ടീം കഠിനാധ്വാനത്തിലാണ്. കൊൽക്കത്ത, മുംബൈ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സിനിമ ചിത്രീകരിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍റെ ഭാഗമായി ചില പഴയ സ്റ്റേഡിയങ്ങളും അന്നത്തെ കാലഘട്ടവും ഒരുക്കുകയാണ് ഇപ്പോൾ. മിനുക്കുപണികൾ പൂർത്തിയാക്കാൻ രണ്ട് മാസമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. "ഏറ്റവും ആധികാരികവും മികച്ചതുമായ സ്‌പോർട്‌സ് ചിത്രങ്ങളിൽ ഒന്നായി മൈതാനത്തെ മാറ്റുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലഘട്ടം പുനഃസൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -ബോണി കപൂര്‍ പ്രതികരിച്ചു.

Tags:    
News Summary - Indian football gets a touch of Hollywood, Maidaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.