ഐ.എഫ്.എഫ്.കെ: ‘ടു സീസൺസ്‌ ടു സ്‌ട്രെയിഞ്ചേഴ്‌സി’ന് സുവർണ ചകോരം; രജത ചകോരം കരീന പിയാസക്കും ലൂസിയ ബ്രാസെലിസിനും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) മികച്ച സിനിമക്കുള്ള സുവർണ ചകോരം ജാപ്പനീസ്‌ ചിത്രമായ ‘ടു സീസൺസ്‌ ടു സ്‌ട്രെയിഞ്ചേഴ്‌സി’ന്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സംവിധായിക ഷു മിയാക്ക ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരം അർജന്റീനിയൻ ചിത്രമായ ‘ബിഫോർ ദ ബോഡി’യുടെ സംവിധായകരായ കരീന പിയാസക്കും ലൂസിയ ബ്രാസെലിസിനുമാണ്. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്കാരം കരീന പിയാസക്ക്‌ മുഖ്യമന്ത്രി സമ്മാനിച്ചു.

നവാഗത സംവിധായകനുള്ള രജത ചകോരം ബംഗാളി ചിത്രമായ ‘ബോക്‌ഷോ ബോന്ദി’യിലൂടെ തനുശ്രീ ദാസും സൗമ്യാനന്ദ സാഹിയും പങ്കിട്ടു. ഉണ്ണികൃഷ്‌ണൻ ആവള ഒരുക്കിയ ‘തന്തപ്പേര്‌’ ഓഡിയൻസ് പോളിലൂടെ പ്രേക്ഷകപ്രീതിയുള്ള ചിത്രം ഉൾപ്പെടെ മൂന്ന്‌ പുരസ്‌കാരങ്ങൾ സ്വന്തമാക്കി മേളയിലെ താരമായി. അബ്‌ദെ റഹ്‌മാൻ സിസാക്കോക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം നൽകി ആദരിച്ചു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ്‌ അക്‌തർ മിശ്രയെയും ആദരിച്ചു. മികച്ച മലയാള സിനിമക്കുള്ള നെറ്റ്‌ പാക്‌ പുരസ്‌കാരം ഉണ്ണികൃഷ്‌ണൻ ആവള ഒരുക്കിയ ‘തന്തപ്പേര്‌’, സഞ്‌ജു സുരേന്ദ്രന്റെ ‘ഖിട്‌കി ഗാവ്‌’ എന്നീ ചിത്രങ്ങൾ പങ്കിട്ടു.

മത്സരചിത്ര വിഭാഗത്തിലെ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക്ക്‌ പുരസ്‌കാരം ഗൊസ്‌ദേ കുറലിന്റെ തുർക്കി ചിത്രം ‘സിനിമ ജസീറ’ നേടി. നവാഗത സംവിധായകന്റെ മികച്ച മലയാള സിനിമക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഫാസിൽ റസാക്കിന്റെ ‘മോഹ’ത്തിനാണ്‌. ഇന്റർനാഷണൽ മത്സരവിഭാഗത്തിലെ മികച്ച സിനിമക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം സഞ്‌ജു സുരേന്ദ്രന്റെ ഖിഡ്‌കി ഗാവിനാണ്‌. അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ മികച്ച പ്രകടനത്തിനുള്ള സ്‌പെഷൽ ജൂറി പുരസ്‌കാരം ‘ബോക്‌ഷോ ബോന്ദി’യിലൂടെ തിലോത്തമ ഷോം നേടി. സാങ്കേതികമികവിനുള്ള പ്രത്യേക ജൂറി വിഭാഗ പുരസ്‌കാരം ‘ബ്ലാക്ക് റാബിറ്റ്‌, വൈറ്റ്‌ റാബിറ്റി’ലൂടെ ഷാരം മോക്രി നേടി. മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, വി.കെ. പ്രശാന്ത്‌ എം.എൽ.എ, സാംസ്‌കാരിക വകുപ്പ്‌ ഡയറക്‌ടർ ദിവ്യ എസ്‌. അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, വൈസ്‌ ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി അജോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - IFFK: Golden Globe for 'Two Seasons to Strangers'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.