ഹാലിന്‍റെ ഹാൽ ഇന്നറിയാം; ഹൈകോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ നേരിട്ട് കണ്ടശേഷമാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുന്നത്. സിനിമക്ക് പ്രദർശനാനുമതി നൽകുന്ന കാര്യത്തിൽ ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ സിംഗ്ൾ ബെഞ്ച് ഇന്ന് തീരുമാനമെടുത്തേക്കും.

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കം വെട്ടി മാറ്റാൻ നിർദേശിച്ച്​ സെൻസർ ബോർഡ്​ നൽകിയ നോട്ടീസ്​ ചോദ്യം ചെയ്ത്​ അണിയറ പ്രവർത്തകർ നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് ഹൈകോടതി സിനിമ കാണാൻ തീരുമാനിച്ചത്. നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കുന്നത്​ സിനിമയെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.

പത്തിലേറെ മാറ്റങ്ങൾ ആണ് ഹാൽ സിനിമക്ക് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്യണം. എന്നാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയിൽ നായിക ഒരു റാപ്പ് സോങ്ങിന് പർദ്ദയിട്ട് ഡാൻസ് കളിക്കുന്നുണ്ട്. ആ പർദ്ദ ഉള്ള സീൻ കട്ട് ചെയ്യണം എന്നും നിർദേശമുണ്ട്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാൽ. ഷെയിൻ നിഗത്തിനെ നായക കഥാപാത്രമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.  

Tags:    
News Summary - Haal, High Court to consider petition again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.