പ്രശസ്ത ചലച്ചിത്ര സംവിധായികയും ബോളിവുഡിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫർമാരിൽ ഒരാളുമായ ഫറ ഖാൻ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത് ചലച്ചിത്ര ലോകത്ത് ഇപ്പോൾ ചർച്ചയാണ്. ട്വിങ്കിൾ ഖന്നയുടെ ’ടൂ മച്ച് വിത്ത് ട്വിങ്കിൾ ആൻഡ് കജോൾ’ എന്ന പരിപാടിയിലാണ് തനിക്ക് അഭുമിഖീകരിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഫറ ഖാൻ മനസ് തുറന്നത്. പതിനഞ്ചാം വയസ് തൊട്ട് സിനിമ മേഖയിൽ പ്രവർത്തിക്കുന്ന ആളാണ് ഫറ ഖാൻ. ഇതിനിടെ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ച ഫറ നൃത്തത്തിലും തന്റേതായ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സിനിമയിൽ കൊറിയോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്താണ് ഫറ ഖാന് മോശം അനുഭവം നേരിടേണ്ടി വന്നത്. താൻ റൂമിൽ വിശ്രമിക്കുന്ന സമയത്ത് ഒരു സിനിമയുടെ സംവിധായകൻ പാട്ടിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സംസാരിക്കാനെന്ന വ്യാജേന മുറിയിലേക്ക് കയറി. എന്നാൽ സംസാരത്തിനിടെ താൻ കിടന്നിരുന്ന കിടക്കയുടെ തൊട്ടടുത്ത് വന്നിരുന്നതോടെ അയാളെ മുറിയിൽ നിന്ന് ചവിട്ടി പുറത്താക്കേണ്ടി വന്നു എന്നാണ് വെളിപ്പെടുത്തിയത്. സംഭവത്തിന് ശേഷവും അയാൾ ഫറയെ പിന്തുടർന്നിരുന്നു എന്നും അയാളെ ചവിട്ടി പുറത്താക്കുന്ന സമയത്ത് താൻ അവിടെയുണ്ടായിരുന്നുവെന്നും ട്വിങ്കിൾ പറഞ്ഞു.
ആമസോൺ പ്രൈമിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ഫറയുടെ കൂടെ നടി അനന്യയും ഉണ്ടായിരുന്നു. ചലചിത്ര രംഗത്തേക്ക് വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും തന്റെ ഭാവി പരിപാടികളെ കുറിച്ചും ഉള്ളു തുറന്ന് സംസാരിക്കുകയായിരുന്നു ഫറ. താൻ ഒന്നും ചെയ്യാതെയിരിക്കുന്ന സമയത്താണ് ബോമൻ ഇറാനിയുടെ നിർബന്ധപ്രകാരം സിനിമയിൽ അഭിനയിച്ചത്. എന്നാൽ അഭിനയം തനിക്കുള്ള മേഖലയല്ലെന്ന് മനസിലായതോടെ നിർത്തി. അതിനുള്ള കാരണങ്ങളിലൊന്ന് ഷൂട്ടിങ് സെറ്റിലെ വിരസതയാണെന്നും ഫറ കൂട്ടിച്ചേർത്തു.
തന്റെ സംവിധാന ജീവിതത്തിൽ എപ്പോഴും ഓർക്കുന്ന സിനിമയാണ് 15വർഷം മുമ്പ് 65 കോടി നേടിയ ‘തീസ് മാർ ഖാൻ’. ഏതെങ്കിലും സിനിമക്ക് രണ്ടാം ഭാഗം ചെയ്യുകയാണെങ്കിൽ അത് തീസ് മാർ ഖാൻ ആയിരിക്കുമെന്നും ഫറ പറഞ്ഞു. കാരണം പ്രേക്ഷകർ ഏറ്റവും കൂടുതൽ തുടർഭാഗം ആവശ്യപ്പെടുന്ന സിനിമയാണിതെന്ന് ഫറാ വ്യക്തമാക്കി. സിനിമകൾക്കപ്പുറമുള്ള തന്റെ യൂട്യൂബ് ചാനൽ തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഫറ പറഞ്ഞു. സിനിമ നടക്കാതെ വന്നപ്പോഴാണ് യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞതെന്നും ഫറാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.