മിറാഷ്​ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്​ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നടൻ ആസിഫലി സംസാരിക്കുന്നു    

തന്‍റെ പല സിനിമകളും മകന്​ പോലും ഇഷ്ടമാകാറില്ല -ആസിഫലി

ദുബൈ: താൻ അഭിനയിച്ച പല സിനിമകളും 12 വയസ്സുകാരനായ തന്‍റെ മകന്​​ പോലും ഇഷ്ടമാവാറില്ലെന്ന്​ നടൻ ആസിഫ്​ അലി. ‘ലോക’ പോലുള്ള സിനിമകളിൽ വാപ്പക്ക്​ അഭിനയിച്ചുകൂടെ എന്നാണ്​ അവന്‍റെ ചോദ്യം. പുതുതലമുറയുടെ താൽപര്യങ്ങൾ ഇങ്ങനെയാണ്​​. എന്ന് ​വെച്ച്​ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാനാവില്ലെന്നും ആസിഫലി പറഞ്ഞു.

ജിത്തു ജോസഫ്​ സംവിധാനം ചെയ്യുന്ന ‘മിറാഷി’ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട്​ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ലോകത്തെ എല്ലാ സിനിമ മേഖലകളോടും മത്സരിക്കാൻ മലയാളം ഫിലിം ഇൻഡസ്​ട്രിക്ക്​ സാധിക്കും. കാരണം ഉള്ളടക്കമാണ്​ ഇവിടെ രാജാവ്​. മലയാള സിനിമയിൽ​നിന്ന്​ എന്ത്​ അദ്ഭുതവും ​പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘മിറാഷ്​’ ഒരു ഇവന്‍റ്​ഫുൾ ത്രില്ലറായിരിക്കുമെന്ന്​ സംവിധായകൻ ജിത്തു ജോസഫ്​ പറഞ്ഞു. ത്രില്ലർ സിനിമകളിൽനിന്ന്​ മാറി ചിന്തിക്കണമെന്ന്​ ആഗ്രഹമുണ്ട്​. പക്ഷെ, എന്നിൽനിന്ന്​ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്​ ത്രില്ലർ ജോണറിലുള്ള സിനിമകളാണ്​​. പുതുതലമുറയിലെ തിരക്കഥാകൃത്തുക്കൾക്ക്​ അവസരം നൽകുന്നതിന്‍റെ ഭാഗമായി അവരുടെ തിരക്കഥകൾ വായിക്കാനും വിലയിരുത്താനും പ്രത്യേക ടീമിനെ താൻ രൂപവത്​കരിച്ചിട്ടുണ്ട്​.

ഇതിലേക്ക്​ നൂറുകണക്കിന്​ തിരക്കഥകൾ വരുന്നുണ്ടെങ്കിലും അതിൽ ഒന്നോ രണ്ടോ മാത്രമാണ് തുടർ ചർച്ചകളുമായി​ മുന്നോട്ടുപോകാൻ കഴിയുന്ന രീതിയിലുള്ളത്​. അഞ്ച്​ മിനിറ്റിനുള്ളിൽ സുഹൃത്തിനോട്​ കഥ പറയുമ്പോൾ വളരെ ത്രില്ലിങ്​ ആയി തോന്നുന്ന കഥകൾ തിരക്കഥകളാക്കു​മ്പോൾ ഒടുക്കം വരെ ആവേശം നിലനിർത്താൻ കഴിയാറില്ലെന്നും ജിത്തു ജോസഫ്​ പറഞ്ഞു. നടൻ ഹക്കിം​ ഷാജഹാൻ, നടി ഹന്ന റെജി കോഷി, നിർമാതാക്കളായ മുകേഷ്​ ആർ മെഹ്​ത്ത,​ കണ്ണൻ രവി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Even my son doesn't like many of my films - Asif Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.