യുവ ഡോക്യുമെന്‍ററി ചലച്ചിത്രകാർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും: പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: യുവ ഡോക്യുമെന്ററി ചലച്ചിത്രകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി ആലോചിക്കുന്നുണ്ടെന്ന് സാംസ്കാരിക വകുപ്പു മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം കൈരളി തിയറ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റികൾ, സർവകലാശാലകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയാകും പദ്ധതി നടപ്പിലാക്കുക.
രാജ്യത്ത് ആദ്യമായി കേരളമാണ് സിനിമയ്ക്ക് വ്യവസായ പദവി നൽകിയതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിലൂടെ ചലച്ചിത്ര മേഖലയെയും പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കാൻ സർക്കാരിനാവുന്നതെല്ലാം ചെയ്യും. ചലച്ചിത്ര മേളകളിൽ പ്രതിനിധികളായി പങ്കെടുത്ത നിരവധി പേർ ഈ മേഖലയിൽ പ്രഗത്ഭരായി മാറിയിട്ടുണ്ടെന്നും മേളയുടെ വർധിക്കുന്ന പ്രസക്തിയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ മേളയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങളിൽ 31 എണ്ണത്തിന് പ്രദർശനാനുമതി ലഭിച്ചിട്ടില്ലാത്ത വിഷയം അദ്ദേഹം പരാമർശിച്ചു. ഇത് കൂടി പ്രദർശിപ്പിക്കാൻ നിയമപരമായി സർക്കാർ ശ്രമങ്ങൾ തുടരുകയാണ്. മേളയുടെ സമാപനത്തിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ സ്ഥാനമേൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രമുഖ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. രാജ്യത്ത് ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി തങ്ങളുടേതായ ഒരു മേളയുള്ളത് നമുക്ക് മാത്രമുള്ള അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെ. ചടങ്ങിൽ അധ്യക്ഷനായി. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻചാർജുമായ സജിത് സി.സി. സ്വാഗതം ആശംസിച്ചു. രുചിർ ജോഷി, ലിപിക സിംങ് ധാരായി, സഞ്ജു സുരേന്ദ്രൻ, മൃണ്മയി ലഗു, അരുൺ കാർത്തിക്ക് തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവൽ ഇൻ ചാർജ് എൻ.പി. സജീഷ് കൃതജ്ഞത രേഖപ്പെടുത്തി.
മേളയുടെ ഡെയിലി ബുള്ളറ്റിൻ പ്രകാശനം നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൺ രുചിർ ജോഷിയിൽ നിന്ന് ജൂറി അംഗമായ ലിപിക സിംങ് ധാരായി ഏറ്റുവാങ്ങി നിർവഹിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് നോൺ ഫിക്ഷൻ ജൂറി അംഗമായ മൃണ്മയി ലഗു ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപിന് അർഹമായ 'തിരയാട്ടം', 'സിനിമയെ കേൾക്കുമ്പോൾ', 'വേഷങ്ങളുടെ ദൃശ്യഭാഷ' എന്നീ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.