മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'തുടരും' (2025) നിർമിച്ച രജപുത്ര വിഷ്വൽ മീഡിയയുടെ എം. രഞ്ജിത്ത്, 'ദൃശ്യം 3'യെക്കുറിച്ച് അതിശയിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഇതിനകം തന്നെ 350 കോടി ക്ലബ്ബിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്‍റെ വെളിപ്പെടുത്തൽ. മലയാള സിനിമ എത്തിയ ഉയരങ്ങളെ ഇത് എടുത്തുകാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഹോർത്തൂസിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. ഒരു പ്രാദേശിക ഭാഷ ഇന്ത്യൻ സിനിമ നിർമാണത്തിലിരിക്കെ ഇത്രയും വലിയ ബിസിനസ്സ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സിനിമയുടെ തിയറ്റർ, ഒ.ടി.ടി, റീമേക്ക്, സാറ്റലൈറ്റ്, ഓവർസീസ്, ഓഡിയോ അവകാശങ്ങളിലൂടെയാണ് 350 കോടി നേടാനായത്. ഇതോടെ, ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമായ ലോക ചാപ്റ്റർ 1: ചന്ദ്ര തിയറ്ററുകളിൽ നിന്ന് നേടിയതിനേക്കാൾ കൂടുതൽ വരുമാനം ദൃശ്യം 3 നേടിയതായാണ് റിപ്പോർട്ട്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം 2013ലും രണ്ടാം ഭാഗം 2021ലുമാണ് പ്രദർശനത്തിന് എത്തിയത്. കേബിൾ ടി.വി ശൃംഖല ഉടമയായ ജോർജുകുട്ടി (മോഹൻലാൽ) തന്‍റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടമാണ് പ്രമേയം. ആദ്യഭാഗം തിയറ്റർ റിലീസായും രണ്ടാം ഭാഗം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് എത്തിയത്. ദൃശ്യം 3യുടെ വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശീർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ തിയറ്റർ വിതരണവും ഡിജിറ്റൽ വിതരണവുമാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ-വിതരണ കമ്പനിയായ പനോരമ സ്റ്റുഡിയോസ്, 'ദൃശ്യം 3'യുടെ തിയറ്റർ, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിർമാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ് വൈഡ് തിയറ്റർ അവകാശങ്ങൾ ഉൾപ്പെടെയുള്ളവ പനോരമ സ്റ്റുഡിയോസ് വാങ്ങിയത് എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ദൃശ്യത്തിന്‍റെ എല്ലാ ഭാഷാ പതിപ്പുകളും ഒരുമിച്ച് തിയറ്ററുകളിൽ എത്തുമെന്നാണ് സൂചനയുണ്ടായിരുന്നത്. മറ്റ് പതിപ്പുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ മലയാളം പതിപ്പ് ആദ്യം പുറത്തിറങ്ങുമെന്നും മറ്റ് റീമേക്കുകൾ പിന്നാലെ എത്തുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.