കാത്തിരിപ്പുകൾക്കൊടുവിൽ ദൃശ്യം 3 വരുന്നു. കഴിഞ്ഞതിനൊന്നും അവസാനമില്ലെന്ന് സൂചന നൽകി കൊണ്ട് മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത് വ്യക്തമാക്കിയത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
ദൃശ്യം 2 സൂപ്പർഹിറ്റായതിനുശേഷം സിനിമക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകരും. സംവിധായകൻ ജീത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകുമെന്നത് വ്യക്തത വരുത്തിയിരുന്നില്ല. ആശിർവാദ് സിനിമാസ് നിർമിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3ന്റെ ചിത്രീകരണത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് കഥ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.