ചെന്നൈ: നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. കമൽഹാസന്‍റെ ആവശ്യപ്രകാരമാണ് ഹൈകോടതി വിലക്കേർപ്പെടുത്തിയത്. എന്നാൽ, കാർട്ടൂണുകളിൽ കമൽഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം എന്നിവയെല്ലാം ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതിനെതിരായി കമൽഹാസൻ നൽകിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ വിധി.
ഇതിൽ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് കമൽഹാസന്‍റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഹരജിയിൽ മറുപടി നൽകാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമൽഹാസനോട് നിർദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.