ധനുഷിന്‍റെ 'ഇഡ്‌ലി കടൈ' സിനിമയുടെ സെറ്റിൽ വൻ തീപിടിത്തം. തമിഴ്നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ചെറിയ തീപിടിത്തം ശക്തമായ കാറ്റിനെ തുടർന്ന് പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
തീപിടുത്തമുണ്ടാകുന്നതിന് മുമ്പ് ചിത്രീകരണം പൂർത്തിയായിരുന്നു എന്നാണ് വിവരം. ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഇഡ്ഡലി കടൈയുടെ ചിത്രീകരണത്തിനായി കടകളും വീടുകളും ഉള്ള തെരുവ് സെറ്റ് ഇട്ടിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർമാണം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ചിത്രീകരണം ഉടൻ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരിക്കെയാണ് പെട്ടെന്നുള്ള തീപിടുത്തം ഉണ്ടായത്.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ആണ്ടിപ്പട്ടി അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ലോക്കൽ പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.
ധനുഷിന്‍റെ നാലാമത്തെ സംവിധായക സംരംഭമാണ് ഇഡ്‌ലി കടൈ. നിത്യ മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അരുൺ വിജയ്, രാജ്കിരൺ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവനേശൻ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.