ധനുഷ്
തെന്നിന്ത്യൻ സനിമ പ്രേമികൾക്ക് പ്രിയങ്കരനായ നടൻ ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'തേരെ ഇഷ്ക് മേൻ'. ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രം നവംബർ 28ന് തിയറ്ററുകളിൽ എത്തും. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സനോൻ ആണ് ധനുഷിന്‍റെ നായികയായി എത്തുന്നത്.
ചിത്രത്തിന്‍റെ പ്രെമോഷന്‍റെ ഭാഗമായി സംസാരിക്കവെ തനിക്ക് ഒരു ഹൃദയം തകർന്ന വ്യക്തിയുടെ മുഖമാണെന്ന് കൃതി പറഞ്ഞതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നാൽ താനതൊരു പ്രശംസയായി കാണുന്നെന്ന് ധനുഷ് കൂട്ടിച്ചേർത്തു. 'എനിക്ക് പ്രണയം നഷ്ടമായവന്‍റെ മുഖമാണ്...ഹൃദയം തകർന്ന വ്യക്തിയുടെ മുഖം' അദ്ദേഹം എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തേരേ ഇഷ്ക് മേനിലെ തന്‍റെ കഥാപാത്രമായ ശങ്കറിനെ കുറിച്ച് ധനുഷ് സംസാരിച്ചു. "ശങ്കറിനെ ഇഷ്ടപ്പെടാൻ വളരെ എളുപ്പമാണ്. പക്ഷേ അദ്ദേഹത്തിന് തന്‍റേതായ വെല്ലുവിളികളുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല. എന്നിരുന്നാലും സിനിമ കണ്ടുകഴിഞ്ഞാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അയാൾ എത്ര വെല്ലുവിളികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിക്കും. ഒരു നടൻ തിരക്കഥ വായിക്കുമ്പോൾ ഇത്തരത്തിലുള്ള വെല്ലുവിളികൾ കാണുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും ആ സിനിമ ചെയ്തിരിക്കും. അതെ, ഞാൻ ഇത്രനാൾ കാത്തിരുന്നത് ഇതിനായാണ്. എനിക്കിതിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമെന്ന് തോന്നി. എനിക്ക് വരികൾ പഠിക്കേണ്ട, കാമറക്ക് മുന്നിൽ പോകേണ്ടതില്ല, ഡയലോഗ് പറഞ്ഞു തിരിച്ചു വരികയുമല്ല വേണ്ടത്. പകരം ഞാൻ അതിൽ പ്രവർത്തിക്കണം...ഇത് ദേഷ്യമോ മറ്റെന്തെങ്കിലും കൊണ്ടോ ചെയ്ത് തീർക്കേണ്ട ഒന്നല്ല. ധാരാളം വെല്ലുവിളികളുള്ള ഒരു നല്ല ഭാഗം മാത്രമാണീ സിനിമ."
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഘലകളിൽ ധനുഷിന് തിരക്കേറിയ ഒരു വർഷമായിരുന്നു 2025. ഈ വർഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ ശേഖർ കമ്മുലയുടെ കുബേര എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ധനുഷ് തന്നെ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച് അദ്ദേഹം തന്നെ നായകനായി എത്തിയ ഇഡലി കടൈ എന്ന ചിത്രവും വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.