'ഉന്മാദ' ലഹരിയിൽ ചാക്കോച്ചൻ; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഒരു ദുരൂഹ സാഹചര്യത്തിന്‍റെ വിജയത്തോടൊപ്പം തന്നെ അടുത്ത ഹിറ്റടിക്കാൻ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. 'ഉന്മാദം' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പൊലീസ് ഓഫീസർ ആയിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്. ലിജോമോള്‍ ആണ് നായികയായി എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഉന്മാദത്തിനുണ്ട്. നായാട്ട്, റോന്ത്, ഇല വീഴാ പൂഞ്ചിറ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറിന്‍റെതാണ് തിരക്കഥ. അരുണ്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് മുജീബ് മജീദ് ആണ്.
ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസും ടി സീരീസും ഹിന്ദി ദൃശ്യത്തിന്റെ സംവിധായകനുമായ അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. സംഘർഷവും സസ്പെൻസും സംയോജിപ്പിച്ച് ഒരു അന്വേഷണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ചിത്രത്തെ ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നതും ഇതായിരിക്കുമെന്നും, മുമ്പ് പറയാത്ത രീതിയിലുള്ള കഥ പറയുന്ന സിനിമകളെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നു എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചുകൊണ്ട് ടി-സീരീസിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.