ശ്രീകണ്ഠപുരം: ഓണം റിലീസായെത്തി വൻ വിജയമായ 'ലോക ചാപ്റ്റർ വൺ -ചന്ദ്ര' സിനിമയിലെ പ്രധാന ലോക്കേഷനുകളിലൊന്നായ ഗുഹയുള്ളത് പയ്യാവൂർ കുഞ്ഞിപ്പറമ്പിലാണ്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉൾവശം കാണിക്കുന്നത്. എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങൾ ചിത്രീകരിച്ചത്.
സിനിമ വൻ വിജയമായതോടെ സഞ്ചാരികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ സാമൂഹമാധ്യമങ്ങളിൽ വൈറലായി. നേരത്തെ 'കുമാരി' എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. കുഞ്ഞിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള പ്രകൃതിദത്തമായ ഈ ഗുഹക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. ശരാശരി അഞ്ചു മുതൽ 15 മീറ്റർ ഉയരമുള്ളതാണ് ഗുഹ. വീതി ഏകദേശം 10 മീറ്റർ ഉണ്ട്. ഗുഹയുടെ ചില ഭാഗങ്ങളിൽ ഉയരം ഒരു മീറ്റർ വരെ കുറയുകയും ചിലയിടത്ത് 15 മീറ്റർ വരെയും ഉണ്ടാകും.
ഒരു മീറ്റർ ഉയരമുള്ളിടത്ത് മുട്ടിൽ ഇഴഞ്ഞു വേണം പോകാൻ. ഇരുട്ട് മൂടിയ ഗുഹയിൽ കയറി ഏകദേശം 150 മീറ്റർ ഉള്ളിലേക്കു നടന്നാൽ മുകളിൽ ഒരു വലിയ ദ്വാരം കാണാം. അതിൽ നിന്നും പ്രകാശം ഉള്ളിലേക്കു പതിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. പുറത്ത് എത്ര ചൂടുണ്ടെങ്കിലും ഉള്ളിൽ നല്ല തണുപ്പാണ്.വേനൽക്കാലത്ത് നിരവധി സഞ്ചാരികൾ എത്തിയിരുന്ന ഗുഹയിൽ ജൂലൈയിൽ കനത്ത മഴയിൽ പ്രവേശന കവാടത്തിൽ മണ്ണിടിഞ്ഞതിനാൽ നിലവിൽ ആളുകൾക്ക് കയറാനാകില്ല.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. കല്യാണി പ്രിയദർശനാണ് നായിക. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.
ലോകയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ലിക്സോ സിനിമയുടെ നിർമാതാക്കളോ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വൺ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സെപ്റ്റംബർ അവസാന വാരത്തിൽ ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒ.ടി.ടി പതിപ്പ് സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.