കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. അഭിമുഖത്തിനിടെ നടൻ തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് ഇ-മെയിൽ വഴി നൽകിയ പരാതിയിലെടുത്ത കേസാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്.
സംഭവത്തിൽ നടൻ മാപ്പു പറഞ്ഞതിനാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സെപ്റ്റംബർ 21ന് കൊച്ചിയിലെ ഹോട്ടലിൽ അഭിമുഖത്തിനിടെ തന്നെ നടൻ അധിക്ഷേപിച്ചെന്നാണ് അവതാരകയുടെ പരാതി. ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തൽ, അശ്ലീല വാക്കുകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്ത പൊലീസ് 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. കേസ് ഒത്തുതീർന്നതായി പരാതിക്കാരിയുടെ മൊഴിയുള്ളതായും സർക്കാറും കോടതിയെ അറിയിച്ചു. കേസിൽ പൊതുതാൽപര്യം നിലനിൽക്കുന്നില്ലെന്നും രണ്ട് വ്യക്തികൾ തമ്മിലുള്ള കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.