സമീർ നയിർ, ദീപക് സീഗൾ, പ. രഞ്ജിത്, അതിഥി ആനന്ദ് എന്നിവർ ചേർന്ന് നിർമിച്ച, അപ്ലോസ്, നീലം സ്റ്റുഡിയോ ബാനറിൽ, മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘ബൈസൻ കാലമാടൻ’. നിവാസ് കെ. പ്രസന്നയുടെ സംഗീതവും ഏഴിൽ അരസു കെയുടെ ഛായാഗ്രഹണവും പശുപതി, ധ്രുവ്, രജിഷ വിജയൻ, അനുപമ പരമേശ്വരൻ, ലാൽ, അമീർ സുൽത്താൻ, അരുവി മദൻ ഉൾപ്പെടെയുള്ളവരുടെ അഭിനയവും ബൈസൻ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 70 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രം നവംബർ 21ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും.
ഇന്ത്യൻ നാഷണൽ കബഡി ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്ന കിട്ടൺ (ധ്രുവ് വിക്രം) എന്ന യുവാവിന്‍റെ കഥയാണ് ബൈസൻ കാലമാടൻ. എന്നാൽ, ജാതീയമായ മുൻവിധികളും അക്രമങ്ങളും നിറഞ്ഞ ഒരു സമൂഹത്തിലൂടെ കിട്ടന് മുന്നേറേണ്ടി വരുന്നതിനാൽ ഈ യാത്ര എളുപ്പമുള്ളതല്ല. “കബഡി നിങ്ങൾക്ക് ഒരു കായിക വിനോദമായിരിക്കാം. എന്നാൽ കിട്ടനെ സംബന്ധിച്ചിടത്തോളം കബഡി അവന്‍റെ ജീവിതം മുഴുവനാണ്” ചിത്രം പ്രഖ്യാപിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് കുറിച്ചത് ഇങ്ങനെയാണ്.
മുൻ ദേശീയ കബഡി താരവും അർജ്ജുന അവാർഡ് ജേതാവുമായ മനാത്തി ഗണേശന്‍റെ ജീവിതത്തെയും കരിയറിനെയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുനെൽവേലി ജില്ലയിലെ ഉൾഗ്രാമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബൈസൻ മുന്നോട്ട് പോകുന്നത്. പ്രധാനമായും കബഡി ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ എങ്ങനെയാണ് ഒരു ജനതയെ രൂപപ്പെടുത്തിയെടുക്കുന്നത് എന്നാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. പശുപതി, രജിഷ വിജയൻ, ലാൽ, അമീർ, അനുപമ പരമേശ്വരൻ, അഴകം പെരുമാൾ എന്നിവരാണ് ബൈസണിലെ മറ്റ് പ്രധാന താരങ്ങൾ. ഒക്ടോബർ പകുതിയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഏകകണ്ഠമായ പ്രശംസ ലഭിച്ചു. ഇതോടെ സംവിധായകൻ മാരി സെൽവരാജിന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി ബൈസൻ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.