മുടക്കുമെന്ന ചിലരുടെ വെല്ലുവിളി; സിനിമ നടക്കില്ലെന്ന പരിഹാസം, ആടുജീവിതത്തെക്കുറിച്ച് ബെന്യാമിന്‍

ബ്ലെസി എന്ന സംവിധായകന്റെ നിശ്ചയദാര്‍ഢ്യമാണ് ‘ആടുജീവിതം’ സിനിമയെന്ന് എഴുത്തുകാരൻ ബെന്യാമിന്‍. ഈ മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നുവെങ്കില്‍ വഴിയിലെവിടെയെങ്കിലും ചിത്രം വീണുപോകുമായിരുന്നെന്ന്  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടുവെന്നും ബ്ലെസി ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

'പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകന്‍. ഈ മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നുവെങ്കില്‍ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വര്‍ഷം നീണ്ട സപര്യ. അതിനിടയില്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകള്‍. തളര്‍ന്നു പോകേണ്ട നിമിഷങ്ങള്‍. ഉപേക്ഷിച്ചു പോകേണ്ട സന്ദര്‍ഭങ്ങള്‍. ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന പരിഹാസങ്ങള്‍. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികള്‍.

ഒന്നിനെയും അയാള്‍ കൂസിയില്ല. ഒന്നിനോടും അയാള്‍ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. ‘നജീബേ, തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നില്‍ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകള്‍ ഹൃദയത്തില്‍ വഹിച്ച് അയാള്‍ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാര്‍ഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചിരുന്നവര്‍ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂര്‍ണ്ണതയില്‍ എത്തുകയാണ്.

ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങള്‍ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്ന് ഒരു കണ്ണീരുമ്മ. പ്രിയപ്പെട്ടവരേ, എന്താണ് ഈ മനുഷ്യന്‍ ഇത്ര കാലം നടത്തിയ തീക്ഷ്ണ യാത്രയുടെ അന്തിമ ഫലം എന്നറിയാന്‍ നമുക്ക് തിയേറ്ററില്‍ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്‌നേഹം'- ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

ബെന്യാമിൻ ആടുജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. പാൻ ഇന്ത്യൻ റിലീസായി മാർച്ച് 28 നാണ് ആടുജീവിതം തിയറ്ററുകളിലെത്തുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.  

Tags:    
News Summary - Benyamin Pens About Aadujeevitham Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.