തിയറ്റർ വിജയം ഇനി ഒ.ടി.ടിയിലേക്ക്; ടൊവിനോ-ബേസിൽ ചിത്രം 'അതിരടി'യുടെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു, എവിടെ കാണാം

തിയറ്ററുകളിൽ വലിയ വിജയം നേടിയ ടൊവിനോ തോമസ് - ബേസിൽ ജോസഫ് ചിത്രം 'അതിരടി' ഒ.ടി.ടിയിലേക്ക്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ ജൂൺ 19 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

ഒരു എഞ്ചിനീയറിങ് കോളജിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് നൊസ്റ്റാൾജിയയും ആക്ഷനും കോമഡിയും സർപ്രൈസ് ട്വിസ്റ്റുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ദാരുണ സംഭവത്തെ തുടർന്ന് നിരോധിക്കപ്പെട്ട കോളജിലെ പ്രശസ്തമായ “ആരോഹൺ” ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസിൽ ജോസഫ്) എന്ന വിദ്യാർഥി ഇറങ്ങിത്തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഫെസ്റ്റിന്റെ കൗണ്ട്‌ഡൗൺ ആരംഭിക്കുന്നതിനിടയിലേക്ക് ലോക്കൽ ഗുണ്ടയും ഒപ്പം ഒരു പാട്ടുകാരനുമായ ശ്രീക്കുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) കടന്നുവരുന്നതോടെ സാംകുട്ടിയുടെ ജീവിതവും ക്യാമ്പസ് രാഷ്ട്രീയവും ഒരു വമ്പൻ ഈഗോ ക്ലാഷിലേക്ക് വഴിമാറുന്നു.

ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളായിത്തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

"ഞങ്ങളുടെ കരിയറിലെ പല പ്രധാന സിനിമകളുടെയും ഭാഗമായിരുന്ന പ്ലാറ്റ്ഫോമാണ് സോണി ലിവ്. അതുകൊണ്ടുതന്നെ ‘അതിരടി’യെ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. സൗഹൃദങ്ങളും ആഘോഷങ്ങളും തമാശകളും നിറഞ്ഞ കോളജ് ജീവിതത്തിന്റെ നേർക്കാഴ്ചയാണിത്. ഞങ്ങൾ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രം ഒ.ടി.ടി പ്രേക്ഷകരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ."ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞു.

"എനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് ശ്രീക്കുട്ടൻ. ഹാസ്യവും ആവേശവും ആക്ഷനും നിറഞ്ഞ ഈ ചിത്രം സോണി ലിവിലൂടെ വീണ്ടും കാണാനോ ആദ്യമായി കാണാനോ പോകുന്ന പ്രേക്ഷകർക്ക് അത് പൂർണ്ണമായി ആസ്വദിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു." ടൊവിനോ പറഞ്ഞു.

Tags:    
News Summary - Basil Joseph - tovino thomas film Athiradi OTT streaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.