അതിർത്തിയിലെ സംഘർഷങ്ങളുടെയും നിലവിലെ ജാഗ്രത നിർദേശങ്ങളുടെയും പശ്ചാത്തലത്തിൽ, മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് പരിപാടി മാറ്റിവെച്ചതായി നടൻ കമൽഹാസൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മേയ് 16ന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വെക്കുന്നതായും കൂടുതൽ ഉചിതമായ സമയത്ത് അത് നടക്കുമെന്നും കമൽഹാസൻ പ്രസ്താവനയിൽ പറഞ്ഞു.
'കലയ്ക്ക് കാത്തിരിക്കാനാകും. ഇന്ത്യയാണ് ആദ്യം. നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മേയ് 16 ന് നിശ്ചയിച്ചിരുന്ന 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു' - കമൽഹാസൻ
രാജ്യത്തിന്റെ പ്രതിരോധത്തിൽ സൈനികർ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ നിൽക്കുമ്പോൾ, ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്നും ഐക്യദാർഢ്യത്തിനുള്ള സമയമാണെന്നും വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചിന്തകൾ രാജ്യത്തെ സംരക്ഷിക്കാൻ ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ വ്യക്തികൾക്കൊപ്പമാണെന്നും കമൽഹാസൻ പറഞ്ഞു. സംയമനത്തോടെയും ഐക്യദാർഢ്യത്തോടെയും പ്രതികരിക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. കമലഹാസന്‍റെ 234-ാമത്തെ ചിത്രമാണ് ഇത്. 1987-ൽ പുറത്തിറങ്ങിയ 'നായകൻ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.