'വർത്തമാനം' സിനിമ: ബി.ജെ.പി നേതാവിനെ സെൻസർ ബോർഡിൽ നിന്ന് പുറത്താക്കണം -സിദ്ധാർഥ് ശിവ

കൊച്ചി: തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് ആയതു കൊണ്ടാണ് 'വർത്തമാനം' സിനിമക്ക് അനുമതി നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ സെൻസർ ബോർഡ് അംഗവും ബി.ജെ.പി നേതാവുമായ അഡ്വ. വി. സന്ദീപ്കുമാറിനെ പുറത്താക്കണമെന്ന് സംവിധായകൻ സിദ്ധാർഥ് ശിവ. സെൻസർ ബോർഡ് അംഗത്തിനെതിരെ പരാതി നൽകും. 'വർത്തമാനം' എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദർശനാനുമതി നിഷേധിക്കാനുള്ള സെൻസർ ബോർഡ് മെമ്പറുടെ ശ്രമത്തെ അതിജീവിച്ചത് സിനിമയെ സ്നേഹിക്കുന്നവരുടെയും മതേതര മനസുകളുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീൻ പോലും നീക്കം ചെയ്യാതെയാണ് റിവൈസിങ് കമ്മിറ്റി സിനിമക്ക് പ്രദർശനാനുമതി നൽകിയത്. വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെ കുറിച്ച് വിലയിരുത്താൻ കഴിവുള്ളവരെയാണ് സെൻസർ ബോർഡിൽ നിയമിക്കേണ്ടത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്കാരിക ഫാസിസമാണ്.

ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെ കുറിച്ച് പറഞ്ഞാൽ അത് എങ്ങിനെയാണ് ദേശവിരുദ്ധമാവുക. മലയാള സിനിമാ രംഗത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സെൻസർ ബോർഡ് സിനിമക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത്. സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെൻസർ ബോർഡ് വ്യക്തമാക്കണമെന്നും വാർത്താസമ്മേളനത്തിൽ സിദ്ധാർഥ് ശിവയും ആര്യാടൻ ഷൗക്കത്തും ആവശ്യപ്പെട്ടു.

'വർത്തമാനം' സിനിമക്ക് കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രദർശനാനുമതി നൽകിയിരുന്നു. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താനായി ഡൽഹിയിലേക്കു പോയ മലബാറിൽ നിന്നുള്ള പെൺകുട്ടി സമകാലീന ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവെക്കുന്നതാണ് സിനിമ.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിച്ച സിനിമ സിദ്ധാർഥ് ശിവയാണ് സംവിധാനം ചെയ്തത്. ആര്യാടൻ ഷൗക്കത്താണ് കഥയും തിരക്കഥയും രചിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ അവാർഡ് നേടിയ പാർവ്വതി തിരുവോത്താണ് നായിക. റോഷൻ മാത്യു, സിദ്ദീഖ് അടക്കമുള്ളവരാണ് മറ്റ് അഭിനേതാക്കൾ. ബിജി പാൽ സംഗീതം. അളഗപ്പനാണ് ഛായാഗ്രാഹകൻ. സിനിമ ഫെബ്രുവരിയോടെ പ്രദർശനത്തിനെത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.