ഹിന്ദ് റജബിന്റെ ചിത്രവുമായി കഹൂത്തർ ബെൻ ഹനിയ

ഹിന്ദ്... ഈ കൈയടികൾ നീ കേൾക്കുന്നു​ണ്ടോ‍?

ആ ശബ്ദം വീണ്ടും ഉയർന്നു​ കേട്ടുകൊണ്ടിരുന്നു... മിക്കവരുടെയും കണ്ണുകൾ ചുവന്നിരുന്നു. ചിലർ തലതാഴ്ത്തി കണ്ണീർച്ചാലുകൾ ഒളിപ്പിച്ചു. മറ്റു ചിലർ ശബ്ദിക്കാൻ പോലുമാകാതെ, തൊണ്ടയിടറി കുഴഞ്ഞിരുന്നു. മറ്റുചിലരുടെ കരച്ചിലുകൾ ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു. ഈ ഞെരിഞ്ഞമരലുകൾക്ക് പിന്നാലെ കൈയടികൾ ഉയർന്നു, കുഞ്ഞേ നിനക്കുവേണ്ടി... നിന്നെപ്പോലെ ആയിരം കുഞ്ഞുങ്ങൾക്കു വേണ്ടി.

ഹിന്ദ് റജബ്, ആറു വയസ്സുകാരി ഫലസ്തീൻ ബാലിക. അവളുടെ ശബ്ദമായിരുന്നു വർണശബളമായ വെനീസ് ചലച്ചിത്രമേളയിൽ ഉയർന്നു​കേട്ടത്. അവൾക്കുവേണ്ടി, ഒരുപാട് കുഞ്ഞുങ്ങൾക്കുവേണ്ടി ചലച്ചിത്രമേളയിൽ ആദ്യമായി 23 മിനിറ്റിലധികം എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ പ്രദർശനത്തിലെ ഒരു സിനിമ മാത്രമായിരുന്നില്ല. ജീവൻ നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് സഹായം തേടുന്ന കുഞ്ഞ് ഹിന്ദിന്റെ ഫോൺ സന്ദേശമായിരുന്നു.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽനിന്ന് രക്ഷപ്പെടാൻ കുടുംബാംഗങ്ങൾക്കൊപ്പം 2024 ജനുവരി 29ന് ഗസ്സ നഗരത്തിൽനിന്ന് പലായനം ചെയ്യുകയായിരുന്നു ഹിന്ദ് റജബ്. ഇവർ സഞ്ചരിച്ച കാറിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. കാറിലുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബാംഗങ്ങളെല്ലാം തൽക്ഷണം മരിച്ചു. ജീവനോടെ അവശേഷിച്ച ഹിന്ദ്, തന്നെ രക്ഷപ്പെടുത്തുന്നതിനായി മാതാവിനോടും ഫലസ്തീനിയൻ റെഡ് ക്രസന്റ് ​സൊസൈറ്റി പ്രവർത്തകരോടും മണിക്കൂറിലധികം ഫോണിൽ സംസാരിച്ചിരുന്നു.

മൂന്ന് മണിക്കൂറിലെ കാത്തിരിപ്പിനുശേഷം റെഡ് ക്രസന്റിന് ഹിന്ദിനെ രക്ഷപ്പെടുത്താൻ ഇസ്രായേലിന്റെ പച്ചക്കൊടി ലഭിച്ചു. എന്നാൽ, രക്ഷാപ്രവർത്തകരുമായി ആംബുലൻസ് കാറിന് അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഹിന്ദും റെഡ് ക്രസന്റ് പ്രവർത്തകരും തമ്മിൽ തുടർന്നുവന്നിരുന്ന സംഭാഷണം മുറിഞ്ഞുപോയിരുന്നു. ദിവ​സങ്ങൾക്കുശേഷമാണ് ഹിന്ദിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടുകിട്ടിയത്. സമീപത്തുനിന്നുതന്നെ അവളെ രക്ഷിക്കാനെത്തിയവരുടെ മൃതദേഹങ്ങളും ബോംബാക്രമണത്തിൽ തകർന്ന വാഹനങ്ങൾക്കിടയിൽനിന്ന് കണ്ടെത്തി.

അവസാനമായി ഹിന്ദ് ഫോണിൽ സംസാരിച്ച വാക്കുകളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘എനിക്ക് പേടിയാകുന്നു, ദയവായി വരൂ...’ ഹിന്ദിന്റെ കുഞ്ഞുശബ്ദം വീണ്ടും സിനിമയിലൂടെ മുഴങ്ങിയതോടെ ഒരു ജനതയുടെ നിസ്സഹായതയുടെ ശബ്ദം അവിടെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഹിന്ദിന്റെ അവസാന നിമിഷങ്ങൾ ആസ്പദമാക്കി ഫ്രഞ്ച്-തുനീഷ്യൻ സംവിധായിക കഹൂത്തർ ബെൻ ഹനിയയാണ് ‘ദ് വോയ്സ് ഓഫ് ഹിന്ദ് റജബ്’ ഒരുക്കിയിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്കാരം ‘ദ് വോയ്സ് ഓഫ് ഹിന്ദ് റജബ്’ നേടി.

അഞ്ചു വയസ്സുകാരി ഹിന്ദ് റജബിന്റെ മാത്രം കഥയല്ല താൻ പറഞ്ഞതെന്നും വംശഹത്യ നേരിടുന്ന ഫലസ്തീൻ ജനതയു​ടെ ജീവിതംകൂടിയാണ് ചിത്രത്തിലൂടെ പറയുന്നതെന്നും സംവിധായിക പറയുന്നു. ‘ഈ സിനിമക്ക് ഹിന്ദിനെ തിരികെ കൊണ്ടുവരാൻ കഴിയില്ല. അവളോട് ചെയ്ത ക്രൂരത ഇല്ലാതാക്കാൻ കഴിയില്ല. ഒന്നും പുനഃസ്ഥാപിക്കാനും കഴിയില്ല. പക്ഷേ, ഈ സിനിമയിലൂടെ അവളുടെ ശബ്ദം വീണ്ടും ഉറക്കെ കേൾപ്പിക്കാനും അതിരുകൾക്കപ്പുറത്ത് പ്രതിധ്വനിപ്പിക്കാനും കഴിയും. ഉത്തരവാദിത്തം യാഥാർഥ്യമാകുന്നതുവരെ, നീതി ലഭിക്കുന്നതുവരെ അവളുടെ ശബ്ദം പ്രതിധ്വനിക്കുന്നത് തുടരും.’

.

Tags:    
News Summary - article about hind rajab a palestine girl who killed in israel attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.