ഇന്ത്യൻ സിനിമ പ്രേക്ഷകർ വളരെ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് ബാഹുബലി. ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾക്കും വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പത്താം വാർഷികത്തിൽ ഒത്തുകൂടിയിരിക്കുകയാണ് താരങ്ങളും അണിയറപ്രവർത്തകരും. ബാഹുബലി ടീം പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ആഘോഷത്തിൽ ചിത്രത്തിലെ നായികമാരായ അനുഷ്കയും തമന്നയും പങ്കെടുക്കാത്തത് ആരാധകര്‍ക്കിടയിൽ ചർച്ചാവിഷയമായി. എന്തുകൊണ്ടാണ് ഇരുവരും ആഘോഷത്തിൽ പങ്കെടുക്കാത്തത് എന്ന് നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്.
അനുഷ്ക ഷെട്ടി ബാഹുബലി പുനഃസമാഗമ പരിപാടിയിൽ നിന്ന് സ്വമേധയാ വിട്ടുനിൽക്കാൻ തീരുമാനിച്ചതായാണ് തെലുങ്ക്360 റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയിലേക്ക് നേരത്തെ തന്നെ ക്ഷണിച്ചിരുന്നെങ്കിലും, അടുത്ത ചിത്രത്തിനായി ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിലാണ് അനുഷ്ക പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം.
തന്റെ അടുത്ത ചിത്രമായ ഘാട്ടിക്ക് വേണ്ടി നടി ശരീരഭാരം ഗണ്യമായി കുറച്ചതായും അതിന്റെ ഫലമായി അവർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഘാട്ടി ടീമുമായി അനുഷ്ക ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും പരിമിതമായ പരിപാടികളിൽ മാത്രമേ പങ്കെടുക്കൂ എന്നും എല്ലാ മാധ്യമ ഇടപെടലുകളിൽ നിന്നും വിട്ടുനിൽക്കുമെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വിഷയത്തിൽ നടിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ തുടങ്ങിയ താരങ്ങളും, സിനിമയുടെ മുൻനിരയിലും പിൻനിരയിലും പ്രവർത്തിച്ച മിക്കവരും ആഘോഷത്തിൽ പങ്കെടുത്തു. രാജമൗലിയുടെ വസതിയിലായിരുന്നു ആഘോഷം.
2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് സിനിമകളും നേടിയത്. അതേസമയം 10ാം വാർഷികത്തിൽ റീ റിലീസിനൊരുങ്ങുകയാണ് ബാഹുബലി. 2025 ഒക്ടോബർ 31ന് സിനിമ തിയറ്ററുകളിലെത്തും. രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായി റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.