മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഓണം റിലീസായെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മലയാള ചിത്രമായും ലോക മാറി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ മേഖലയിലെ പലരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ലോക പോലൊരു ചിത്രം ബോളിവുഡിന് നിർമിക്കാൻ ആവില്ലെന്ന് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.
തന്റെ പുതിയ സിനിമയുടെ പ്രമോഷനുകൾക്കിടെ ലേറ്റസ്റ്റ്‌ലിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ലോകയെക്കുറിച്ച് പറഞ്ഞത്. വെറും 40 കോടി രൂപ ബജറ്റിൽ ലോകോത്തര അനുഭവം നൽകാൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കഴിഞ്ഞുവെന്നത് കണക്കിലെടുക്കുമ്പോൾ, ബോളിവുഡിന് സമാനമായ ഒരു നേട്ടം കൈവരിക്കാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. 'അവർ അത് എങ്ങനെ ചെയ്യും? ഒരു സ്ത്രീയെ കേന്ദ്രബിന്ദുവാക്കി ഇത്രയും ചെലവിൽ ഒരു സിനിമ നിർമിക്കാൻ അവർക്ക് ധൈര്യമില്ലെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്.
'ലോക എല്ലാ റെക്കോർഡുകളും മറികടക്കുകയായണ്. അത്തരത്തിലുള്ള വളരെക്കുറച്ച് സിനിമകൾ മാത്രമേ ബോളിവുഡിൽ ഉണ്ടായിട്ടുള്ളു. ഞാൻ ലോക കണ്ടിട്ടില്ല. പക്ഷെ മോട്ട്‌വാനി കണ്ടു, അദ്ദേഹം പറഞ്ഞു. ലോക പോലുള്ള ചിത്രങ്ങൾക്ക് പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമാണ്. മലയാള സിനിമ പ്രവർത്തകർ അവരുടെ ഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ബോളിവുഡിൽ ഇംഗ്ലീഷിൽ ചിന്തിക്കുകയും അത് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നു. അവിടെയാണ് പ്രശ്നം' -അനുരാഗ് കശ്യപ് പറഞ്ഞു.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. അഞ്ച് ചാപ്റ്ററുകളായാണ് ചിത്രം നിർമിക്കുന്നതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നസ്ലെൻ, സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ലോകയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.