സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. ഫോട്ടോ ഷൂട്ടും സ്വകാര്യ വിശേഷങ്ങളും പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 2.6 മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്. ആരാധകരെ പോലെ വിമർശകർക്കും ക്ഷാമമൊന്നുമില്ല അഹാനക്ക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് നല്ല കമന്റുകൾക്കൊപ്പം വിമർശനങ്ങളും ലഭിക്കാറുണ്ട്. പലതിനോടും നടി മൗനം പാലിക്കാറാണുള്ളത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാൾക്ക് ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് അഹാന കൃഷ്ണ. കമന്റ് ചെയ്തയാളുടെ പേര് സഹിതം വെളിപ്പെടുത്തി കൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്. സാധാരണ ഇത്തരം മോശം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മനുഷ്യനായാൽ അൽപം ആത്മാഭിമാനം വേണമെന്നും നടി മറുപടിയായി കുറിച്ചു.
'സാധാരണ നിങ്ങളെ പോലെയുള്ള മനുഷ്യരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപം ആത്മാഭിമാനം വേണം. അവനവനെയെങ്കിലും ആത്മാർഥമായി സ്നേഹിക്കണം. ഇത്തരത്തിലുള്ള ബുദ്ധി ശൂന്യമായതും കേട്ടാൽ അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് സ്വയം വിഡ്ഢിയാവാതിരിക്കുക. സൂക്ഷിക്കുക ! എന്നായിരുന്നു മറുപടി.
അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് ചുവടെയാണ് 'രണ്ട് ചാണക പീസ് തരട്ടെ' എന്ന് കമന്റ് ചെയ്തത്. നടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.