'അമ്മക്ക്​ വേണ്ടി​ തിലകൻ ചേട്ടനെ വിമർശിച്ചതിൽ ഇപ്പോഴും കുറ്റബോധം, നേരിട്ട്​ മാപ്പ്​ പറഞ്ഞു....' -സിദ്ധിഖ്​

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന്​ വിഖ്യാത നടൻ തിലകനെ വിലക്കിയ സമയത്ത്​ അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധമുണ്ടെന്ന്​ നടൻ സിദ്ധിഖ്​. തിലകനോട്​ സംഭവത്തിൽ നേരിട്ട്​ മാപ്പ്​ ചോദിച്ചിട്ടുണ്ടെന്നും യൂട്യൂബ്​ ചാനലായ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സിദ്ധിഖ് വ്യക്​തമാക്കി.

"അസോസിയേഷ​െൻറ ഭാഗത്തുനിന്നുകൊണ്ട് തിലകന്‍ ചേട്ടനോട് എതിര്‍ത്ത് സംസാരിക്കുകയാണ് ഞാനന്ന് ചെയ്തത്. അത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്. അമ്മയിലെ പല അംഗങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിക്കുകയാണ് ഞാന്‍ അന്ന് ചെയ്തത്. മറ്റു പലര്‍ പറഞ്ഞതിനേക്കാളും ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് തിലകന്‍ ചേട്ടന്‍റെ മകള്‍ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. അതൊരു വല്ലാത്ത വേദനയായി" സിദ്ധിഖ് പറഞ്ഞു.

തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്തതാണ് താന്‍ ചെയ്തതെന്നും പിന്നീട് ഒരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ ക്ഷമ പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. ചാനൽ പരിപാടിക്കിടെയാണ് അദ്ദേഹത്തെ കണ്ടത്. എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞപ്പോൾ ആ തിരിച്ചറിവുണ്ടായല്ലോ, അത് മതി എന്നായിരുന്നു തിലകൻ ചേട്ടൻ മറുപടി നൽകിയത്.

ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടില്‍ രണ്ടുമൂന്ന് തവണ പോയി കണ്ടിരുന്നു. ഒരു തവണ ഒപ്പം മമ്മൂക്കയും ഉണ്ടായിരുന്നു. ഞാനായിട്ടുതന്നെയാണ് ആ ബന്ധം നശിപ്പിച്ചുകളഞ്ഞത്. അസോസിയേഷനില്‍ അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു വ്യക്തി അങ്ങനെ ചെയ്തതിന് ഞാന്‍ അത്രയ്ക്ക് പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നല്ലതുപോലെ സംസാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മഞ്ഞ് ഉരുകുമായിരുന്നു. പക്ഷേ എതിര്‍ത്ത് സംസാരിച്ചതിന് ക്ഷമ ചോദിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്, ഞാന്‍ ചോദിച്ചിട്ടുമുണ്ട്"- സിദ്ധിഖ് പറഞ്ഞു.

Tags:    
News Summary - actor siddique about thilakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.