പരം വീർ ചക്ര അവാർഡ് ജേതാവ് മേജർ ഷൈതൻ സിങ് ഭാട്ടിയായി നടൻ ഫർഹാൻ അക്തർ അഭിനയിക്കുന്ന '120 ബഹദൂർ' സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി, രാജ്യത്തെ പ്രതിരോധ തിയറ്റർ ശൃംഖലയിലുടനീളം പ്രദർശിപ്പിക്കാനൊരുങ്ങുന്നു. എക്സൽ എന്‍റർടെയ്ൻമെന്‍റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും ചേർന്നാണ് ഇതിന് അവസരമൊരുക്കുന്നത്. ചിത്രം നവംബർ 21ന് ആഗോളതലത്തിൽ റിലീസിനെത്തും. ഈ സംരംഭം വിദൂര പ്രദേശങ്ങളിലുള്ള സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സിനിമകൾ എത്തിക്കാൻ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ 20 ദശലക്ഷം വരുന്ന വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും പ്രേക്ഷകരിൽ 30 ശതമാനം പേർക്ക് മാത്രമേ നിലവിൽ പ്രതിരോധ സിനിമാ ശാലകളിൽ പ്രവേശനമുള്ളൂ. ശേഷിക്കുന്ന 70 ശതമാനം പേരിലേക്ക് കൂടി എത്താനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. വിദൂര പ്രദേശങ്ങളിലടക്കം ജോലിചെയ്യുന്ന സൈനികർക്കും കുടുംബങ്ങൾക്കുമായി 800ലധികം പ്രതിരോധ സിനിമാഹാളുകളിൽ ചിത്രം പ്രദർശിപ്പിക്കും. ജെൻസിങ്ക് ബ്രാറ്റ് മീഡിയയുമായി സഹകരിച്ച് പിക്ചർടൈം ആണിത് നടപ്പിലാക്കുകയെന്ന് എക്സൽ എന്‍റർടെയ്ൻമെന്‍റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും അറിയിച്ചു.
പിക്ചർടൈമിന്റെ മൊബൈൽ സിനിമ ശൃംഖലയിലൂടെ ഇന്ത്യയിലെ സൈനിക തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഏറ്റവും കഠിനമായ പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ആളുകളിലേക്ക് ചിത്രമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ പറയുന്നു. റെസാങ് ലാ യുദ്ധത്തിന്റെ കഥ ചിത്രീകരിക്കുന്ന സിനിമയുടെ റിലീസിനെതിരായ ഹരജിയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ അറിയിച്ചിരുന്നു.
യുദ്ധത്തിൽ പങ്കെടുത്ത 120 സൈനികരെ ആദരിക്കുന്നതിനായി സിനിമയുടെ പേര് '120 ബഹദൂർ' എന്നത് മാറ്റി '120 വീർ അഹിർ' എന്നാക്കി മാറ്റണമെന്നാണ് പൊതുതാൽപര്യ ഹരജിയിൽ പ്രധാനമായും ആവശ്യപ്പെട്ടത്. യുദ്ധത്തിൽ മരിച്ച 114 സൈനികരുടെയും രക്ഷപ്പെട്ട ആറ് പേരുടെയും പേരുകൾ സിനിമയിൽ ഉൾപ്പെടുത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഹരജിക്കാർ ഈ വിഷയത്തിൽ ഇത്രയധികം സെൻസിറ്റീവ് ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
രസ്നീഷ് റേസി ഘായ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫർഹാൻ അക്തർ, റാഷി ഖന്ന, സ്പർശ് വാലിയ, വിവൺ ഭതേന, ധൻവീർ സിങ്, ദിഗ്‌വിജയ് പ്രതാപ്, സാഹിബ് വർമ, അങ്കിത് സിവാച്ച് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1962 നവംബർ 18ന് ലഡാക്കിലെ റെസാങ് ലാ ചുരത്തിൽ നടന്ന വീരോചിതമായ പോരാട്ടമാണ് കഥയുടെ കേന്ദ്രബിന്ദു. അതിശൈത്യമുള്ളതും ദുർഘടവുമായ പ്രദേശത്ത്, ആധുനിക ആയുധങ്ങളോടും വൻതോതിലുള്ള സൈന്യബലത്തോടും കൂടിയ ചൈനീസ് സേനയെയാണ് ഈ 120 സൈനികർ നേരിട്ടത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ യഥാർത്ഥ നായകന്മാരുടെ പോരാട്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തീവ്രമായ കഥയാണ് 120 ബഹദൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.