എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? നിരവധി യാത്രകളുടെ തുടക്കമായ ബാഹുബലിയുടെ 10 വർഷങ്ങൾ

ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് ചിത്രങ്ങളും നേടിയത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി എന്നിവർ അഭിനയിച്ച ഈ ചിത്രങ്ങൾ ചരിത്രം സൃഷ്ടിക്കുകയും ഇന്ത്യൻ സിനിമക്ക് ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. ഇന്ന് ബാഹുബലി അതിന്‍റെ 10 വർഷം പൂർത്തിയാക്കുകയാണ്.

'ബാഹുബലി... നിരവധി യാത്രകളുടെ തുടക്കം, എണ്ണമറ്റ ഓർമകൾ, അനന്തമായ പ്രചോദനം 10 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...2025 ഒക്ടോബർ 31ന് രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായി റിലീസ് ചെയ്യും. ഇതൊരു നാഴികക്കല്ലാണ്'എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രാജമൗലിയുടെയും പ്രഭാസിന്‍റെയും മാഗ്നം ഓപസായ, ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമായിരുന്നു ബാഹുബലി. 2013 ജൂലൈ ആറിനാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ റിലീസിന് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞ് ബാഹുബലി: ദ കൺക്ലൂഷൻ എന്ന പേരിൽ ബാഹുബലിയുടെ രണ്ടാം ഭാഗവും തിയറ്ററിൽ ഹിറ്റായി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അതേ ഹൈപ്പ് റീ റിലീസിനും ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. 

Tags:    
News Summary - 10 years of Bahubali: When SS Rajamouli revealed his vision for the film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.